പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

പോരെങ്കിലായതിനൊരുങ്ങിടുകാളു തെല്ലു-
പോരെങ്കിലൊട്ടിനിയുമിങ്ങുടനേ വരുത്തൂ
നേരെങ്കലുണ്ടരിയവാളിതുമുണ്ടു നേരി-
ട്ടാരെങ്കിലും വരികിനിക്കളയായ്കനേരം. (കണ്ണൻ)

ഇവിടെ സ്ഫുരിക്കുന്ന രൗദ്രവീരരസങ്ങൾ ആരെയാണ് രോമാഞ്ചം കൊള്ളിക്കാതിരിക്കുക? തച്ചൊള്ളിക്കഥകളിലെ വീരപുരുഷന്മാരുടെ സ്വഭാവം ഇവിടെ നല്ലപോലെ തെളിഞ്ഞുവിളങ്ങുന്നുണ്ട്. തനിമലയാളത്തിൻ്റെ മാറ്റുരച്ചുനോക്കുവാൻ മതിയായ കൃതികളാണ് ഇവയെന്നു നിസ്സംശയം പറയാം. ചർവ്വിതചർവ്വണം കൊണ്ടു വിരസമായി തോന്നിയിരുന്ന പുരാണകഥകളിലും അവയുടെ സംസ്കൃത പദബഹുലമായ പ്രതിപാദനരീതിയിലും നിന്നു താല്ക്കാലികമായ ഒരു വ്യതിയാനത്തിനുള്ള ചായ് വ് ഇവയിൽക്കൂടി ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഈ ഭാഷാകാവ്യങ്ങൾ വഴി കുണ്ടൂർ സഹൃദയന്മാരുടെ അഭിനന്ദനങ്ങളെ എന്നും അർഹിച്ചുകൊണ്ടു വിലസും.*

* (കുണ്ടൂർ നാരായണമേനോൻ: തൃശൂർ ഡിസ്ട്രിക്ടിൽ ഊരകത്തു് കുണ്ടൂർ എന്ന തറവാട്ടിൽ കല്യാണിയമ്മയുടേയും, കോമത്തു കൃഷ്ണമേനോൻ തഹസീൽദാരുടേയും പുത്രനായി 1036-മാണ്ട് മിഥുനം11-ാം തീയതി ജനിച്ചു. 1058-ൽ ബി. ഏ. പരീക്ഷ പാസ്സായി, സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. ഒടുവിൽ തഹസീൽദാരായി പെൻഷൻ പറ്റി. കുറച്ചു കാലം പാലിയം മാനേജരായിരുന്നു. 1111 കർക്കടക മാസം 4-ാം തീയതി പരഗതിപ്രാപിച്ചു. ‘വിദ്യാവിനോദിനി’യുടെ ആവിർഭാവം മുതല്ക്കാണു് നിരന്തരമായി സാഹിത്യപരിശ്രമം ആരംഭിച്ചതു്. 1094-ൽ കൊച്ചി വലിയതമ്പുരാൻ്റെ ഷഷ്ടിപൂർത്തിഡർബാറിൽവച്ചു് ‘കവിതിലകൻ’ എന്ന ബിരുദം ലഭിച്ചു. കൃതികൾ: നാലു ഭാഷാകവ്യങ്ങൾ, അകവൂർ ചാത്തൻ, നാറാണത്തു ഭ്രാന്തൻ, വടുതലനായർ, കാളിദാസകൃതികളുടെ തർജ്ജമകൾ, ഗീതാഞ്ജലി തർജ്ജമ തുടങ്ങി 20-ൽപരം കൃതികൾ എഴുതിയിട്ടുണ്ട്.)