അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ സ്വതന്ത്രകൃതികളിൽ പ്രഥമഗണനീയമായതു് ‘കേരള’മത്രെ. ചരിത്രപ്രാധാന്യമർഹിക്കുന്ന ഒരു കാവ്യമെന്ന നിലയ്ക്ക് അതിനു കേരള സാഹിത്യചരിത്രത്തിൽ മാന്യമായ ഒരു സ്ഥാനമുണ്ടു്. ‘നല്ല ഭാഷ’ മുതലായ കൃതികൾ തമ്പുരാൻ്റെ ഭാഷാപദസ്വാധീനതയെ വെളിപ്പെടുത്തുന്നു. ഏതാനും കേരളീയ കവികളെ ഭാരതകഥാപാത്രങ്ങളോടു സാദൃശ്യപ്പെടുത്തി ചമച്ചിട്ടുള്ള ഒരു കൃതിയാണു ‘കവിഭാരതം’ ഈ കവിഭാരതമാണു്, മൂലൂരിൻ്റെ കവിരാമായണത്തെ രംഗപ്രവേശം ചെയ്യിക്കുവാൻ ഹേതുവാക്കിയതെന്നുള്ള സംഗതി പ്രസിദ്ധമാണല്ലോ. തമ്പുരാൻ്റെ പദ്യരൂപത്തിലുള്ള പലവക ‘എഴുത്തുകൾ’തന്നെ നല്ലൊരു സാഹിത്യസമുച്ചയമാണു്. ഈ മഹാകവിയുടെ കൃതികളെല്ലാം ശേഖരിച്ച ഭാഷാപ്രണയിയായ കോട്ടയ്ക്കൽ കൃഷ്ണവാരിയർ ഏതാനും ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിവരം ഈ അവസരത്തിൽ പ്രസ്താവയോഗ്യമത്രെ.
തമ്പുരാൻ ‘രസികരഞ്ജിനി’യുടെ ആധിപത്യം വഹിച്ചിരുന്ന കാലത്ത്, ‘തൃക്കണാമതിലകം’ എന്നു തുടങ്ങി കേരളചരിത്രത്തെ പരാമർശിക്കുന്ന പല നല്ല ഗദ്യ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മഹാകവി ഒരു ഗവേഷണപ്രിയനുമായിരുന്നു. 1078-ൽ കോട്ടയ്ക്കൽ കൃഷ്ണവാര്യരുടെ ഗ്രന്ഥപ്പുര പരിശോധിച്ചു് അവിടെനിന്നു തമ്പുരാൻ കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ഒരു മഹാനിധിയാണു്, പില്ക്കാലത്തു വളരെ പ്രസിദ്ധമായിത്തീർന്നിട്ടുള്ള ‘ലീലാതിലകം’. ആയിടയ്ക്കു കൊട്ടാരത്തിൽ ശങ്കുണ്ണി മുതലായവരേയും ഗവേഷണങ്ങൾക്കായി തമ്പുരാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. തൽഫലമായി അമൂല്യങ്ങളായ പലതും ഭാഷാഭണ്ഡാഗാരത്തിൽ മുതൽക്കൂട്ടുവാൻ കഴിഞ്ഞിട്ടുണ്ട്.
