പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

മഹാഭാരതം: എന്നാൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ യശഃപതാക മുൻപറഞ്ഞവകൊണ്ടൊന്നുമല്ല, സാഹിത്യലോകത്തിൽ സുപ്രതിഷ്ഠിതമായിട്ടുള്ളതു്. ലക്ഷത്തിൽപ്പരം ശ്ലോകങ്ങളുള്ള ‘വ്യാസശ്രീമഹർഷിവിനിർമ്മിത’മായ മഹാഭാരതം ‘തനിച്ചു മൂവ്വാണ്ടിടകൊണ്ട്’ അവിടന്നു തർജ്ജമചെയ്തു; ആ ഏകസംഗതിയാണു് അവിടത്തെ കീർത്തിധാവള്യം ഏറ്റവും ഉയർന്നു വ്യാപിക്കുവാൻ കാരണമായതു്. മഹാഭാരതത്തെ കണ്ണശ്ശനും എഴുത്തച്ഛനും ഇതിനുമുമ്പു തന്നെ തർജ്ജമചെയ്തിരുന്നു എന്നതു വാസ്തവമാണു്. എന്നാൽ ആ രണ്ടു കവികളും മൂലത്തിലെ പല ഭാഗങ്ങളേയും ചുരുക്കുകയോ ത്യജിക്കുകയോ ചെയ്തുകൊണ്ടുള്ള സംഗ്രഹരൂപങ്ങൾ മാത്രമേ പ്രകാശിപ്പിച്ചിരുന്നുള്ളു. തമ്പുരാനാകട്ടെ, വിസ്തൃതമായ ആ മഹാഗ്രന്ഥത്തെ ആപാദചൂഡം വൃത്താനുവൃത്തമായി പരിഭാഷപ്പെട്ടത്തുകയാണു ചെയ്തതും. വ്യാസൻ്റെ വിപുലമായ ആ ഗ്രന്ഥത്തെ, അർത്ഥഭംഗംകൂടാതെ ഇങ്ങനെ വിവർത്തനം ചെയ്യുവാൻ വ്യവസായസമ്പന്നനായ ‘കേരളവ്യാസന്ന’ല്ലാതെ മറ്റൊരാൾക്കു സാധിക്കുകയുമില്ല. തർജ്ജമയുടെ രീതി കാണിക്കുവാൻ ഒരു പദ്യം താഴെ ഉദ്ധരിക്കുന്നു:

നാസതോ വിദ്യതേ ഭാവോ നാ ഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടാന്തസ്ത്വനയോസ്തത്ത്വദർശിഭിഃ. (2-16)

എന്നുള്ള ഗീതാപദ്യം തമ്പുരാൻ തർജ്ജമ ചെയ്തിട്ടുള്ളതിങ്ങനെയാണു് :

ഇല്ലാത്തതുണ്ടാവിലുള്ളതില്ലാതാവില്ലൊരിക്കലും
ഇതു രണ്ടിന്നുമുള്ളന്തം തത്ത്വദർശികൾ കണ്ടതാം.

ഇതുപോലെ അക്ലിഷ്ടമനോഹരമായ ‘നല്ലഭാഷ’യിലാണ് ഈ ബൃഹൽഗ്രന്ഥത്തിൻ്റെ ഏറിയഭാഗവും വിവർത്തനം ചെയ്തുകാണുന്നത്. ‘ഭാഷാഭാരതം’ ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു് 1906-ലാണു്. ഈയിടെ 1965-ൽ, ആ ബൃഹൽഗ്രന്ഥം കഴിയുന്നത്ര അച്ചടിത്തെററുകൾ കൂടാതെ ഭംഗിയായി അച്ചടിച്ച്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഏഴു വാള്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.