അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
അമാനുഷപ്രഭാവനായിരുന്ന ആ മഹാകവി അല്പകാലം കൊണ്ടുതന്നെ കൈരളീവനിതയെ ഇത്രയേറെ കാവ്യാഭരണങ്ങൾ അണിയിച്ചുവെങ്കിൽ, കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ അനർഘങ്ങളായ മറ്റനേകം സംഭാവനകൾ കൂടി അദ്ദേഹം കൈരളിക്കു നല്കുമായിരുന്നു എന്നുള്ളതിൽ സന്ദേഹമില്ല. മരണത്തെക്കുറിച്ച് ആ മഹാപുരുഷൻ തന്നെ എഴുതിയിട്ടുള്ള ഒരു പദ്യം ഉദ്ധരിച്ചുകൊണ്ടു് ഈ ചിന്ത അവസാനിപ്പിക്കാം.
മൂഢന്നും പണ്ഡിതന്നും പെരിയ ധനികനും
പിച്ചതെണ്ടുന്നവന്നു,
പ്രൗഢന്നും പ്രാകൃതന്നും പ്രഭുവിനിടയനും
കണ്ട നായ്ക്കും
നരിക്കും ബാഢം വ്യാപിക്കുമാറായ്പകലുമിരവിലും
ലോകമോർക്കാതെ മായാ-
ഗൂഢക്കൈയാൽ മയക്കും മഹിതമരണമേ!
നിൻ്റെ ഘോഷം വിശേഷം.
കണ്ടത്തിൽ വറുഗീസു മാപ്പിള: വറുഗീസുമാപ്പിളയെ ഒരു സഹൃദയനും സാഹിത്യപ്രോത്സാഹകനും എന്ന നിലയിലാണു് പലരും ചിത്രീകരിച്ചുകാണാറുള്ളത്. എന്നാൽ അദ്ദേഹത്തിനുള്ള കലാനിർമ്മാണപാടവം മേൽപ്പറഞ്ഞതിനേക്കാൾ ഉപരിയായിട്ടുള്ളതാണെന്ന വസ്തുത വിസ്തരിച്ചുകൂടാ. ദർപ്പവിച്ഛേദം അഥവാ യദുകുലരാഘവം ആട്ടക്കഥ, എബ്രായക്കുട്ടിനാടകം, കലഹിനീദമനനാടകം, അത്ഭുതജനനം പത്തുവൃത്തം, സച്ചരിത്രശതകം, കീർത്തനമാല തുടങ്ങിയ പല കൃതികളും വറുഗീസുമാപ്പിളയ്ക്കു സാഹിത്യസൃഷ്ടിയിലുള്ള വൈഭവം എത്രകണ്ടുണ്ടെന്നു വ്യക്തമാക്കുന്നു. മലയാളമനോരമയുടെ പത്രാധിപരായിരുന്ന അദ്ദേഹം, അന്നുപത്രത്തിലേക്കു പല സാഹിത്യകാരന്മാരും അയച്ചിരുന്ന ലേഖനങ്ങളും കവിതകളും പരിശോധിച്ച് ആവശ്യമുള്ള തിരുത്തലുകൾ ചെയ്തു ചേർക്കുകയായിരുന്നു പതിവ്. അദ്ദേഹത്തിൻ്റെ കലാമർമജ്ഞത അതൊന്നുകൊണ്ടുതന്നെ സ്പഷ്ടമാണല്ലൊ.
