പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

സാഹിത്യസൃഷ്ടിയിലെന്നപോലെ സാഹിത്യപ്രോത്സാഹനത്തിലും വറുഗീസുമാപ്പിള പ്രശസ്തനായിരുന്നു. അക്കാലത്തു കുറെയൊക്കെ അറിവും കഴിവുമുള്ള സാഹിത്യകാരന്മാരെ കണ്ടുപിടിച്ചു അവരെ പലപ്രകാരത്തിലും പ്രോത്സാഹപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ആ ശ്രമത്തിൻ്റെ ഫലമായിട്ടുതന്നെയാണു പില്ക്കാലത്തു മഹാകവികളും സാഹിത്യകാരന്മാരുമായി പേർപെറ്റ പലരും തൽസ്ഥാനങ്ങളെ പ്രാപിക്കാനിടയായതു്. വറുഗീസുമാപ്പിളയും മനോരമയും ഇല്ലായിരുന്നെങ്കിൽ, സാഹിത്യത്തെ സംബന്ധിച്ചിടത്തോളം തങ്ങൾ ഇന്നത്തെ നിലയിൽ എത്തുകയില്ലായിരുന്നുവെന്നും പ്രസിദ്ധന്മാരായ കെ സി കേശവ പിള്ള, നടുവത്തച്ഛൻനമ്പൂതിരി, കൊട്ടാരത്തിൽ ശങ്കുണ്ണി, എം. ഉദയവർമ്മരാജാ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, കെ. സി. നാരായണൻനമ്പ്യാർ, മൂലൂർ പത്മനാഭപ്പണിക്കർ, മൂർക്കോത്തു കുമാരൻ മുതലായി പലരും ഓരോ അവസരത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

വലിയകോയിത്തമ്പുരാൻ്റെ പാണ്ഡിത്യവും പ്രോത്സാഹനപാടവവും രാജകീയവും, വറുഗീസമാപ്പിളയുടേതു പ്രജാപരവുമായിരുന്നു. അവ രണ്ടുംകൂടി സമ്മേളിച്ചതിൻ്റെ ഫലമാണ് ആധുനിക മലയാളസാഹിത്യത്തിനു കൈവന്ന സൗഭാഗ്യമെന്നു പറയാവുന്നതാണു്.

“വലിയകോയിത്തമ്പുരാൻ്റെ സഹായവും വറുഗീസുമാപ്പിളയുടെ അത്യുത്സാഹവും അന്നില്ലാതിരുന്നുവെങ്കിൽ പില്ക്കാലത്തു് സാഹിത്യനഭോമണ്ഡലത്തിൽ പ്രോജ്ജ്വലങ്ങളായിത്തീർന്നിട്ടുള്ള അനേകം നക്ഷത്രതല്ലജങ്ങൾ രംഗപ്രവേശം ചെയ്യുകതന്നെ ഇല്ലായിരുന്നു. 1067-ൽ കോട്ടയത്തുവച്ചു നടത്തപ്പെട്ട ‘കവിസമാജ’വും, അതിനെത്തുടർന്നു മലയാളഭാഷാ പരിഷ്കരണാർത്ഥം തൃശൂർവച്ചു തുടങ്ങിയ ‘ഭാഷാപോഷിണിസഭ’യും കേരളത്തിലെ വിദ്വജ്ജനങ്ങളെ ഏകീകരിക്കുന്നതിനും, അവരുടെ കഴിവുകളെ ഭാഷപോഷണാർത്ഥം വിനിയോഗിക്കുന്നതിനും വഴിതെളിച്ചുവിട്ടു. ഈ സദ് വ്യവസായത്തിൽ സകലവിധ സാരഥ്യവും വഹിച്ച് സാഹിത്യരഥത്തെ മുന്നോട്ടു നയിച്ചിരുന്നതു് വറുഗീസുമാപ്പിളയുടെ ഉത്സാഹശക്തി ഒന്നു മാത്രമായിരുന്നു” എന്നു പി. വി. കൃഷ്ണവാര്യർ പ്രസ്താവിച്ചിട്ടുള്ളതു് എത്രയോ പരമാർത്ഥം! വറുഗീസുമാപ്പിളയുടെ കവനരീതി കാണിക്കുവാൻ ‘സച്ചരിത്രശതക’ത്തിൽനിന്നു് ഒരു പദ്യം മാത്രം ഇവിടെ ഉദ്ധരിക്കാം. സന്ധ്യാസമയത്തു ബെദ്ലഹംമൈതാനത്തുനിന്നും ആട്ടിടയർ തങ്ങളുടെ ആടുകളെ ആലയത്തിലെത്തിച്ചു സൂക്ഷിക്കുന്നതാണ് സന്ദർഭം:

അക്കാടാകെ മെതിച്ചു മേഞ്ഞു വിരവോ-
ടർക്കൻ മറഞ്ഞെന്നു ക-
ണ്ടക്കാലം വയൽവിട്ടു പായുമൊരജ-
ക്കൂട്ടത്തെ വാട്ടംവിനാ
ചിരീക്കന്നൊക്കെയടിച്ചൊതുക്കിയിടയ-
ന്മാരൊത്തു ചാരത്തു ചോ-
രക്കൂട്ടത്തെ നിനച്ചു നിദ്രയെ വെടി-
ഞ്ഞത്രൈവ പാർത്തീടിനാർ. *

* വറുഗീസുമാപ്പിള തിരുവല്ലാത്താലൂക്കിൽ നിരണത്തു കണ്ടത്തിൽ കുടുംബത്തിൻ്റെ ശാഖയായ കറുത്തനല്ലൂർ ഈപ്പൻ്റെ കനിഷ്ഠപുത്രനായി 1033-ൽ ജനിച്ചു. 1079 മിഥുനം 13-ാം തീയതി 47-മത്തെ വയസ്സിൽ ആ സാഹിത്യസാരഥി അന്തരിച്ചു.