അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
രവിവർമ്മ കോയിത്തമ്പുരാൻ: ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ 1037 മകരം 17-ാം തീയതി മകം നക്ഷത്രത്തിൽ ലക്ഷ്മിത്തമ്പുരാട്ടിയുടേയും മേക്കാട്ടു നമ്പൂരിയുടേയും പുത്രനായി ജനിച്ചു. അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ്റേയും കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റേയും മാതൃഷ്വസേയനും മഹാകവി ഉള്ളൂരിൻ്റെ സാഹിത്യാചാര്യനുമായിരുന്നു കഥാപുരുഷൻ. സംസ്കൃതത്തിലും മലയാളത്തിലുമായി ഇരുപതോളം കൃതികൾ നിർമ്മിച്ചിട്ടുണ്ട്. ഉഷാകല്യാണം ചമ്പു, ഗൗരീപരിണയംചമ്പു, മദനമഞ്ജരീവിലാസം ഭാണം, കവിസഭാരഞ്ജനം നാടകം, ബ്രസീതാനാടകം, ശ്രീമൂലവിലാസം, ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ട് തുടങ്ങിയവയാണ്. അദ്ദേഹത്തിൻ്റെ ഭാഷാകൃതികൾ. ‘ബ്രസീതാ നാടകം’ ചങ്ങനാശ്ശേരിയിലെ ഏതാനും ക്രിസ്ത്യാനികളുടെ അഭ്യർത്ഥനയനുസരിച്ചു ക്രിസ്തുമതചരിത്രത്തെ പശ്ചാത്തലമാക്കി നിർമ്മിച്ചിട്ടുള്ള ഒരു നാടകമാണു്. പാക്ഷേ, അതു മുഴുവനാക്കിയില്ല. ആദ്യത്തെ മൂന്നങ്കമേ കോയിത്തമ്പുരാൻ എഴുതിയുള്ളു. പിന്നീടു ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാനാണ് അതു പൂരിപ്പിച്ചത്. ‘കവിസഭാരഞ്ജനം’ വറുഗീസുമാപ്പിളയുടെ ഉത്സാഹഫലമായി 1067-ൽ കോട്ടയത്തുവച്ചു നടന്ന കവിസമാജത്തെ വിഷയീകരിച്ചു നിർമ്മിച്ചിട്ടുള്ള ഒരു നാടകമാണു്. വറുഗീസുമാപ്പിളയാണ് കഥാനായകൻ. കവി സമ്മേളനത്തിൽ പങ്കുകൊണ്ട് ഏ. ആർ., വില്വട്ടത്തു രാഘവൻനമ്പ്യാർ, നിധിയിരിക്കൽ മാണിക്കത്തനാർ, വയസ്ക്കര മൂസ്സത്, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയവർ കഥാപാത്രങ്ങളുമാണു്. അക്കാലത്തെ സ്വതന്ത്രനാടകങ്ങളിൽ ഏതുകൊണ്ടും അഭിനന്ദനീയമായ ഒന്നായിരുന്നു പ്രസ്തുത കൃതി. ശബ്ദാർത്ഥങ്ങളിലുള്ള നിഷ്ക്കർഷ കോയിത്തമ്പുരാൻ്റെ കൃതികളുടെ ഒരു പ്രധാന ഗുണമത്രെ. ശ്രീമൂലവിലാസത്തിലെ അഥവാ ശ്രീമൂലരാജസ്തവത്തിലെ ഒരു പദ്യം വളരെ പ്രസിദ്ധമാണ്:
അന്തർഭാഗത്തു ചേർത്തമ്മുരമഥനനെ, യമ്മട്ടു നാട്ടാർ രസം വ-
ന്നന്തംകൂടാതണഞ്ഞും, ജനഹിതമതിനായ് വേലയിൽത്താനിരുന്നും
ചന്തം പൂണ്ടുല്ലസിക്കും നൃപതിവര, ഭവാൻ സിന്ധുവിന്നൊപ്പമത്രേ
കിംതു ശ്രീമൻ! ഭവാനിൽ ക്ഷിതിധവ! നിലയില്ലായ്കയെന്നുള്ളതില്ല.
