പദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ആധുനികയുഗം

ആദ്യകവികളും കൃതികളും: കാവ്യദേവതയ്ക്ക് ആകൃതിയെന്നും പ്രകൃതിയെന്നും രണ്ടു വിഭാഗങ്ങൾ കല്പിക്കുമെങ്കിൽ, ആകൃതിയെ പ്രധാനമായവലംബിച്ചുള്ള രമണീയതയാണു് നാം ഇതുവരെ കണ്ടു കഴിഞ്ഞതു്. ബാഹ്യരൂപത്തിലുള്ള അലങ്കാരശബളിമയിലേക്കാൾ അന്തഃസ്ഫുരദ്രസത്തിലാണ് കവികൾ കാര്യമായി ശ്രദ്ധിക്കേണ്ടതെന്നുള്ള കലാതത്ത്വം ആധുനികകാലത്തു മാറെറാലിക്കൊണ്ടുതുടങ്ങി. ആ​​ഗ്ലേയസാഹിത്യപരിചയംവഴിക്കുണ്ടായ നൂതനപ്രവണതയാണു ഈ ചിന്താപഥത്തിലേക്ക് ആധുനികകവികളെ നയിച്ചതെന്നു പറയാം. ദ്വിതീയാക്ഷരപ്രാസവാദത്തിനു ഹേതുവായതും ആ വാദപ്രതിവാദത്തിൻ്റെ പര്യവസാനത്തിൽ പ്രൊഫസർ രാജരാജവർമ്മയാൽ പ്രഖ്യാപിതവുമായ ആശയം, മേല്പറഞ്ഞതിൻ്റെ പരിണത ഫലം തന്നെയായിരുന്നു. വികാരാവിഷ്കരണമാണു കവിതയുടെ പരമധർമ്മമെന്നു് അദ്ദേഹം പ്രഖ്യപിച്ചു. വികാരത്തെ തട്ടിയുണർത്തുന്നതിനുതകുന്ന ഏതു വിഷയവും കവിതയ്ക്കു സ്വീകരിക്കാമെന്നുള്ള വസ്തുതയും അതോടുകൂടി വെളിപ്പെട്ടു. സുദീർഘമായ വർണ്ണനകളല്ല, വിഷയാനുഗുണമായി ചെയ്യുന്ന പരിമിത വർണ്ണനകളാണു ആധുനിക കവിതയിൽ വേണ്ടതു്. ആകർഷകമായ രീതിയിൽ വിഷയാവതരണം ചെയ്യുക. ക്രമോന്നതമായി വികാരതീവ്രതയിലേക്കു് അനുവാചകഹൃദയത്തെ നയിക്കുക (കവിയുടെ ഭാവനാവിലാസം ഇവിടെ നല്ല പോലെ പ്രത്യക്ഷപ്പെടണം). ക്രമേണ വികാരം ശാന്തവും ദാന്തവുമായിത്തീർന്നു വിവേകാംശത്തിലേക്കു ചില ചിന്തകളിലേക്കോ, നിഗമനങ്ങളിലേക്കോ- എത്തിച്ചേരുക എന്നീ ഘടകങ്ങൾ ഈ ആധുനിക കവിതയുടെ – കാല്പനിക പ്രസ്ഥാനത്തിൻ്റെ ചില സവിശേഷതകളായും പരിണമിച്ചു. പഴയ കവിതകൾ വിഷയാപേക്ഷകമായിരുന്നെങ്കിൽ, ആധുനിക കവിതകൾ ആത്മാപേക്ഷികമാണെന്നുള്ളതും ഒരു പ്രത്യേകതയാണു. പ്രകാരാന്തരേണ പറയുന്ന പക്ഷം, ഏതെങ്കിലും ഒന്നിൻ്റെ ദർശനാവസരത്തിൽ കവിഹൃദയത്തിലുളവാകുന്ന അനുഭൂതികളുടെ സമഞ്ജസമായ ആവിഷ്ക്കരണമാണത്. ആധുനിക കവിതയുടെ കാല്പനിക പ്രസ്ഥാനത്തിൻ്റെ – സാമാന്യലക്ഷണങ്ങളായി കരുതപ്പെടുന്നതു ഇതെല്ലാമാണു്. ലിറിക്ക് – ആത്മഗീതം -എന്നു പാശ്ചാത്യർ വ്യവഹരിക്കുന്ന ഈദൃശ കാവ്യ പ്രസ്ഥാനത്തിലേക്കാണ് രജരാജവർമ്മ അന്നു കേരളീയ കവികളെ ആഹ്വാനം ചെയ്തത്.