പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

പ്രാരംഭം: ലോകസൃഷ്ടിക്കുമുമ്പ് കേവലാത്മാവായും സൃഷ്ടികാലത്തിങ്കൽ സത്വരജസ്തമോഗുണങ്ങളായിത്തിരിഞ്ഞു് ഉപാധികളെ സ്വീകരിച്ചിട്ടു ബ്രഹ്മാവിഷ്ണുമഹേശ്വര രൂപമായും സ്ഥിതിചെയ്യുന്ന ശക്തികേന്ദ്രത്തെയാണല്ലോ ത്രിമൂർത്തികൾ എന്ന പദം കൊണ്ട് സാധാരണ വ്യവഹരിക്കാറുള്ളത്. എന്നാൽ, ആ ത്രിമൂർത്തികളെയല്ല, മിക്കവാറും സമശീർഷരും, ഒരേകാലഘട്ടത്തിൽ ജീവിച്ചവരും, ആധുനിക മലയാള കവിതയ്ക്ക് അസ്തിവാരമുറപ്പിച്ചവരും, ഒരേ സംസ്കാരശാഖയുടെ മൂന്നു സമശിഖരങ്ങളുമായ എൻ. കുമാരനാശാൻ, വള്ളത്തോൾ നാരായണ മോനോൻ, ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ എന്നീ മൂന്നു മഹാകവികളെയാണ് മേല്പറഞ്ഞ പദംകൊണ്ട് ഇവിടെ ലക്ഷ്യമാക്കുന്നതെന്നു പറഞ്ഞുകൊള്ളട്ടെ. ഈ മൂന്നു മഹാകവികളും, ക്ലാസിസിസത്തിൽ അഥവാ സാങ്കേതിക പ്രസ്ഥാനത്തിൽ കാലൂന്നിനില്ക്കുകയും, ഒരു നിയതമായ പരിധിക്കുള്ളിൽ ആദ്യം അതിൽ കറങ്ങുകയും, ക്രമേണ ക്ലാസ്സിസിസത്തിൻ്റെ മണ്ഡലത്തെ അതിക്രമിച്ചു റൊമാൻ്റിസിസത്തിൻ്റെ – കാല്പനികത്വത്തിൻ്റെ – മണ്ഡലത്തിലേക്കു കടന്നു് അതിൻ്റെ പ്രഭാവലയത്തിൽ കൂടുതൽ കുറവായി ഭ്രമണം ചെയ്യുകയും, ആ നൂതന പ്രസ്ഥാനത്തിനു ഭാഷയിൽ അടിത്തറ പടുക്കുകയും, അതിൽ ചില മനോഹര ഹർമ്മ്യങ്ങൾ പണിയുകയും ചെയ്തവരത്രെ. ഈ കവിത്രയത്തെ ത്രിമൂർത്തികൾ എന്ന പദംകൊണ്ടു് കേരളീയർ ഇന്നു ബഹുമാനിച്ചുപോരുന്നു. ഇവരുടെ ജീവിതകാലം മലയാള കവിതയുടെ ഉത്ഥാനഘട്ടംതന്നെയായിരുന്നു. പ്രസ്തുത കവീശ്വരന്മാരിൽ ഓരോരുത്തരേയും അവരവരുടെ കവിതാപഥസഞ്ചാരത്തേയും കുറിച്ചു വളരെ സംക്ഷിപ്തമായി ചിലതു പ്രസ്താവിക്കുവാനാണു് ഇവിടെ മുതിരുന്നതു്.