പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

വിധവയായിത്തീന്ന ലീല, പിതൃഗൃഹത്തിലേക്കു തിരിച്ചു. അവളുടെ അച്ഛനമ്മമാർ അതിനുമുമ്പേ മരിച്ചിരുന്നു. എന്നാൽ മദനനിലുള്ള അനുരാഗശക്തിയാൽ ആ ദുഃഖം അവളെ അധികം അലട്ടിയില്ല. പക്ഷേ, മദനൻ, ലീലയെ മറെറാരു പുരുഷനു വിവാഹം ചെയ്തു കൊടുത്ത വിവരം അറിഞ്ഞ നാളിൽത്തന്നെ ഉന്മത്തനായിത്തീർന്നു സ്വദേശം വിട്ടുപോയിരുന്നു. തൻ്റെ പ്രാണേശ്വരനെ അന്വേഷിച്ചു കണ്ടുപിടിക്കുവാൻ അവൾ പ്രിയതോഴിയായ മാധവിയെ വിട്ടു. ഒരാണ്ടോളം അവൾ പലേടത്തും അന്വേഷിച്ചു് ഒടുവിൽ വിന്ധ്യവനത്തിൽ ഉണ്ടെന്നറിഞ്ഞ്, ആ വിവരം,

പ്രണയപരവശേ, ശുഭം, നിന-
ക്കുണരുക, ഉണ്ടൊരുദിക്കിൽ നിൻ പ്രിയൻ

എന്നു ലീലയെ വന്നു ഗ്രഹിപ്പിക്കുകയായി. ഈ ശുഭവാർത്ത കേട്ട് ലീല ഉടൻ തോഴിയോടൊന്നിച്ചു് ആ സ്ഥലത്തേക്കു പുറപ്പെട്ടു. വളരെ ക്ലേശങ്ങൾ സഹിച്ച് വിന്ധ്യാടവിയിൽ എത്തിയ ലീല, മദനനെ കാണുകയും ഒരു ക്ഷണിക സമാഗമത്തിൽ ആ ദമ്പതിമാർ പരസ്പരം നിർവൃതി പ്രാപിക്കയും ചെയ്തു. എന്നാൽ അടുത്ത നിമിഷത്തിൽ അവർ ഇരുവരും രേവയിൽ – നർമ്മദയിൽ – ചാടി മരിക്കയാണുണ്ടായതു്. ഇങ്ങനെ ആ രാഗോദന്തം ദുരന്തമായി കലാശിക്കുന്നു.