പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

കരുണ: ആശാൻ ഏററവും ഒടുവിൽ എഴുതിയ കൃതിയാണ് കരുണ. ആശാൻ്റെ കൃതികളിൽ ഏറ്റവും മുഖ്യമായതെന്നു ചിലർ പറയുന്നതും ഇതുതന്നെ. ഉത്തര മഥുരയിലെ പ്രസിദ്ധ വാരസുന്ദരിയായ വാസവദത്തയ്ക്കു ബുദ്ധശിഷ്യനായ ഉപഗുപ്തനിൽ ഒരു അകൃത്രിമ പ്രണയം ജനിക്കുകയും, അയാളെ കൂട്ടിക്കൊണ്ടുവരുവാൻ അവൾ പലവുരു തോഴിയെ അയയ്ക്കുകയും ചെയ്യുന്നു എന്നാൽ ഓരോ സന്ദര്ഭത്തിലും സമയമായില്ല എന്ന മറുപടിയാണു് ഉപഗുപ്തനിൽനിന്നു ലഭിച്ചതു്. അതിനിടയിൽ അവൾ തൻ്റെ കുലവൃത്തിയിൽ ജാഗരൂകയായി, ആദ്യം ഒരു തൊഴിലാളിത്തലവൻ്റെയും, പിന്നീട് ഒരു വണിക് പ്രമാണിയുടേയും സമ്പർക്കത്തിൽ ഏർപ്പെട്ടു. ഇരുവരേയും ഒന്നുപോലെ തൃപ്തിപ്പെടുത്തുവാൻ കഴിയാതെ വന്നതിനാൽ അവൾ ആദ്യത്തെ ആളെ വധിച്ച് വണിഗ്വരൻ്റെ ബന്ധം ഉറപ്പിച്ചു. പക്ഷേ, കൊലപാതകക്കുറ്റത്തിൽ അവൾ അകപ്പെട്ടു. കേസിൻ്റെ അവസാനത്തിൽ കരചരണങ്ങൾ അരിഞ്ഞ് അവളെ ചുടുകാട്ടിൽ തള്ളുവാൻ ന്യായാധിപന്മാർ വിധിക്കുകയും ചെയ്തു. അങ്ങനെ അംഗച്ഛേദശിക്ഷയനുഭവിച്ച് ആസന്നമരണയായി വാസവദത്ത കഴിയുമ്പോൾ, ആ അദ്ധ്യാത്മവിദ്യാലയത്തിൽ ഉപഗുപ്തൻ വന്നെത്തുന്നു. അദ്ദേഹം ജീവിതത്തിൻ്റെ ശാശ്വതികങ്ങളായ വിശാലതത്ത്വ ങ്ങളേയും, വിപത്തിൻ്റെ മധുരഫലങ്ങളേയും പറ്റി അവളെ പറഞ്ഞു മനസ്സിലാക്കുകയായി. ഒടുവിൽ ശാന്തയായിത്തീരുന്ന അവൾ മുക്തിപാത്രമായി നിർവ്വാണമടയുന്നതായി സങ്കല്പിച്ചു് കവി കാവ്യവും അവസാനിപ്പിക്കുന്നു.