ത്രിമൂർത്തികൾ-കുമാരനാശാൻ
കുമാരനാശാൻ, ജീവചരിത്രം: കൊല്ലം 1048 മേടം ഒന്നാം തീയതി (1873) ചിറയിൻകീഴുതാലൂക്കിൽ കടയ്ക്കാവൂരിനടുത്തു് കായിക്കരയിൽ തൊമ്മൻ വിളാകത്തുവീട്ടിൽ ശ്രീ നാരായണൻ്റെ ദ്വിതീയപുത്രനായി ജനിച്ച കുമാരുവാണു്, പില്ക്കാലത്തു് മഹാകവി കുമാരനാശാൻ എന്ന പേരിൽ സുപ്രസിദ്ധനായിത്തീരുകയും, കാല്പനിക പ്രസ്ഥാനത്തിനു ഭാഷയിൽ ഏറ്റവും പ്രതിഷ്ഠയും പ്രചാരവും നല്കുകയും ചെയ്തത്. പഴയ സമ്പ്രദായമനുസരിച്ചു് സംസ്കൃതത്തിൽ കുറെ കാവ്യങ്ങൾ വായിക്കുകയും, അതിൽ വ്യുൽപത്തി സമ്പാദിക്കുകയും ചെയ്തശേഷം കുട്ടികളെ പഠിപ്പിക്കുന്ന ഒരാശാനായിത്തീർന്നു. അചിരേണ കുമാരു ആശാൻ കവിതയെഴുത്തിലും പ്രവേശിച്ചുതുടങ്ങി. കാലത്തിനും പ്രായത്തിനും അനുരൂപമായി ശൃംഗാരശ്ലോകങ്ങൾ എഴുതുന്നതിലാണു് കുമാരു ആശാൻ അന്നു് അധികം ശ്രദ്ധിച്ചത്. ഈ യുവാവിൻ്റെ ധിഷണാവൈഭവം മനസ്സിലാക്കുവാൻ ഇടയായ ശ്രീനാരായണഗുരു, കുമാരു മേലാൽ ശൃംഗാരശ്ലോകങ്ങൾ എഴുതരുതെന്നും, സംസ്കൃതവിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഉപദേശിച്ചു. ആ ഗുരൂപദേശം അചിരേണ ആശാനെ മറ്റൊരാളാക്കിത്തീർത്തു.
മേല്പറഞ്ഞ സംഭവത്തിനുശേഷം ശ്രീനാരായണഗുരുവിൻ്റെ പ്രേരണയനുസരിച്ച് ഉപരിവിദ്യാഭ്യാസത്തിനായി ആശാൻ വിദേശത്തേക്കു പുറപ്പെട്ടു. ബാങ്കളൂർ, കൽക്കത്ത എന്നീ സ്ഥലങ്ങളിൽ താമസിച്ചു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ പലതും അഭ്യസിച്ചു. കല്ക്കത്തയിലെ ജീവിതം കവിയുടെ ഭാവിപ്രവർത്തനങ്ങൾക്കു കൂടുതൽ പ്രചോദനമരുളുകയും ചെയ്തു. ഇംഗ്ലീഷ്, ഇൻഡ്യയുടെ പൊതുഭാഷ അഥവാ വിദ്യാഭ്യാസഭാഷയായിത്തീരുകയും, അതു നൂതനമായ പല പ്രവണതകളേയും ഭാരതീയരിൽ ഉൽപാദിപ്പിച്ചുതുടങ്ങുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ആശാൻ കല്ക്കത്തയിൽ താമസമാക്കിയതു്. അതിനാൽ അദ്ദേഹം അവിടെവച്ച് ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിചയം നേടുകയും, കീറ്റ്‌സ്, ടെനിസൺ, ഷെല്ലി തുടങ്ങിയ ആംഗ്ലേയകവികളുടെ കൃതികളുമായി അധികസമ്പർക്കം പുലർത്തുകയും ചെയ്തു. ബങ്കിമചന്ദ്രൻ, രവീന്ദ്രനാഥടാഗോർ മുതലായവർ സാഹിത്യരംഗത്തും, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ആദ്ധ്യാത്മികരംഗത്തും വരുത്തിക്കൊണ്ടിരുന്ന പരിവർത്തനങ്ങളെ ആശാനു നേരിട്ടു കണ്ടറിയുവാൻ അവസരം ലഭിക്കയും ചെയ്തു. ഇംഗ്ലീഷ് ഭാഷയുടേയും സാഹിത്യത്തിൻ്റേയും പ്രചാരത്തോടു കൂടി ഭാരതീയരിൽ സംജാതമായ പുതിയ ഉണർവ്വും പ്രബോധനവും ആശാനിലും ചില മധുരസ്വപ്നങ്ങൾ അങ്കുരിപ്പിക്കാതെയുമിരുന്നില്ല.
