ത്രിമൂർത്തികൾ-കുമാരനാശാൻ
ചണ്ഡാലഭിക്ഷുകി: ദുരവസ്ഥയെത്തുടർന്നു സമുദായപരിഷ്ക്കരണാർത്ഥം നിർമ്മിച്ച മറെറാരു കാവ്യമാണ് ചണ്ഡാലഭിക്ഷുകി. ജാതിമാത്സര്യവും അതിൻ്റെ ഫലങ്ങളായ ദുരാചാരങ്ങളും കൊണ്ടു ഹിന്ദുസമുദായത്തിനു- ഭാരതീയജനതയ്ക്കു – വന്നുചേർന്നിട്ടുള്ള ശൈഥില്യത്തിൻ്റെ നിവാരണമാണു് ഇതിലും ചൂണ്ടിക്കാണിക്കുന്നത്.
തന്നിൽനിന്നു ജലം വാങ്ങിക്കുടിച്ച ബുദ്ധശിഷ്യനായ ആനന്ദൻ്റെ മധുരമായ സംഭാഷണത്താലും, ഹൃദ്യമായ പെരുമാറ്റത്താലും ആകൃഷ്ടയായ മാതംഗിയെന്ന ഒരു പറയബാലിക, അദ്ദേഹത്തെത്തേടി ബുദ്ധവിഹാരത്തിലെത്തുന്നു. ബുദ്ധൻ അവളെ സ്വസന്നിധിയിൽ വരുത്തി അവൾക്കു് വിമലോപദേശങ്ങൾ നല്കുകയും, ആനന്ദനിൽ ജനിച്ച പ്രേമത്തെ വിശ്വപ്രേമമായി വികസിപ്പിക്കുകയും, അവളെ ഭിക്ഷുകി സംഘത്തിൽ ഒരംഗമായി സ്വീകരിക്കുകയും ചെയ്യുന്നു. ഉന്നതകുലജാതകളായ ശ്രവണികമാർക്കൊപ്പം പറയവനിതയ്ക്കു സംഘാരാമത്തിൽ സ്ഥാനം നല്കിയ വസ്തുത പ്രസിദ്ധമായി. നാട്ടിലൊക്കെ കൂട്ടവും കുറിയുമായി. രാജസഭയിലും ചില കോളിളക്കങ്ങളുണ്ടായി. ഒടുവിൽ ബുദ്ധദേവനെന്നെ സമീപിച്ചു സംശയം തീർക്കാമെന്നു ധർമ്മസംരക്ഷകനായ രാജാവു തീർച്ചയാക്കി, ബുദ്ധൻ, സ്വസന്നിധിയിലെത്തിയ രാജാവിനെ, ജാതിസംബന്ധമായി മനുഷ്യൻ കൈകൊണ്ടിട്ടുള്ള ആചാരവിചാരങ്ങളിലുള്ള മൗഢ്യത്തെ വേണ്ടവണ്ണം ഗ്രഹിപ്പിച്ചു. സ്വസ്ഥചിത്തനാക്കി മടക്കുന്നു. ഇതാണു് ഇതിലെ പ്രതിപാദ്യം.
