പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ആശാൻ്റെ ആത്മഗീതങ്ങളിൽ പ്രധാനമായ ഒന്നാണ്. ‘മണിമാല’, ‘വനമാല’ തുടങ്ങിയ സമാഹാരങ്ങളും ‘ശ്രീബുദ്ധ ചരിതം കിളിപ്പാട്ട്’ തുടങ്ങിയ തർജ്ജമകളും ശ്രദ്ധേയങ്ങൾതന്നെ. വിസ്തരഭയത്താൽ അവയെപ്പറ്റി യാതൊന്നും ഇവിടെ പ്രതിപാദിക്കാൻ തുനിയുന്നില്ല. എന്നാൽ ആശാ’ കൃതികളെപ്പറ്റി ചിന്തിക്കുമ്പോൾ പറഞ്ഞുകോൾക്കാറുള്ള അവയിലെ ജീവിതവിമശത്തെപ്പറ്റി അല്പം സൂചിപ്പിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം.

ജീവിതവിമർശം: ജീവിതം, മരണം എന്നിവയെപ്പറ്റി ആശാൻ നല്ലതു പോലെ ചിന്തിച്ചിട്ടുള്ളായി അദ്ദേഹത്തിൻ്റെ പല കൃതികളിലും നിന്നു സ്പഷ്ടമാകുന്നുണ്ട്. എന്നാൽ ഈ ഭാഗങ്ങളിൽ ഒന്നിലും അദ്ദേഹം സ്വാഭിപ്രായത്തെ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതായിക്കാണുന്നില്ല പ്രദ്യുത, പുരാതനന്മാരായ ആചാര്യവര്യന്മാരുടെ അഭിപ്രായങ്ങളെ വിമർശബുദ്ധിയോടുകൂടി നിരീക്ഷിക്കുകയും, സാകൂതമാംവണ്ണം ചില സൂചനകൾ നല്കുകയും മാത്രമേ ചെയ്യുന്നുള്ളു ആശാൻ്റെ ഈ നയം ആദ്ധ്യാത്മികതത്ത്വവേദികളുടെ ഇടയിൽ വലിയ എതിർപ്പിനു ഹേതുവില്ലാതാക്കിത്തീർത്തിട്ടുണ്ടെന്നു നിസ്സംശയം പറയാം. അവിടം നില്ക്കട്ടെ. നമുക്ക് അദ്ദേഹത്തിൻ്റെ ചില അഭിപ്രായങ്ങളെത്തന്നെ കുറഞ്ഞൊന്നു ദർശിക്കാം. ജീവിതമരണങ്ങളെപ്പറ്റിയുള്ള അഭിപ്രായമാണു’ ഏററവും ശ്രദ്ധേയമായിട്ടുള്ളത്. മരണം ജീവിതത്തിനുതന്നെ സൗഭാഗ്യമേറ്റുന്ന ഒന്നാണെന്നത്രേ ആശാൻ്റെ അഭിപ്രായം. ബഹുക്രിയാജടിലമായ ജീവൻ്റെ ദീർഘയാത്രാകഥയ്ക്കും, അതിൻ്റെ അപ്രതീതിക്കും, മൃതിയാകുന്ന ‘വിരാമതിലകം’ കൂടിയേതീരൂ. പ്രത്യക്ഷമായ ഈ ജീവിതം തന്നെ ക്ഷണികമായ ഒരു ബോധം മാത്രമാണു്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽപ്പോലും അനേകം ജനനമരണങ്ങളെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അനുക്ഷണം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ജീവിതമരണങ്ങൾ നമുക്കു പ്രത്യക്ഷമാകാത്തത്. ക്ഷണികജീവിതധാരയുടെ അലാതവലയത്തോടൊത്ത വേഗാധിക്യം നിമിത്തമത്രെ!