ത്രിമൂർത്തികൾ-കുമാരനാശാൻ
ഈദൃശമായ ഒരു പരിതഃസ്ഥിതിയിലാണ് കുമാരനാശാൻ കല്ക്കത്തയിൽ നിന്നു സ്വദേശത്തേക്കു മടങ്ങിയതു്. സ്വദേശത്തെത്തുന്നതിനു മുൻപുതന്നെ കവിയിൽ വേരൂന്നിയിരുന്ന പ്രബുദ്ധത, അദ്ദേഹത്തെ കണ്ണുമിഴിപ്പിച്ചു ചുറ്റുമേ നോക്കിച്ചു. അതോടുകൂടി കേരളത്തിലെ യഥാർത്ഥസ്ഥിതി – രാഷ്ട്രീയമായും സാമുദായികമായും ആദ്ധ്യാത്മികമായും ഉള്ള ഗതികേടു് ആശാൻ മനസ്സിലാക്കുകയും, സംസ്കാരോന്മുഖങ്ങളായ യത്നങ്ങളിൽ വ്യാപൃതനായിത്തുടങ്ങുകയും ചെയ്തു. എന്നാൽ അവയിൽ നിരന്തരം വ്യാപരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ശ്രീനാരായണൻ അരുവിപ്പുറത്തു് അക്കാലത്തു് – 1903-ൽ – ആരംഭിച്ച ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിൽ (എസ്. എൻ. ഡി. പി.) ചേർന്നു പ്രവർത്തിക്കുവാൻ അദ്ദേഹം നിർബ്ബദ്ധനായിത്തീർന്നു. ഏതാണ്ടു് 16 വർഷക്കാലത്തോളം അതിൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞുകൂടി. അങ്ങനെ സാമൂഹ്യവും ആദ്ധ്യാത്മികവുമായ വിഷയങ്ങളുമായിട്ടാണു് ആശാനു് ആദ്യംമുതല്ക്കേ സമ്പർക്കം പുലർത്തേണ്ടിവന്നതു്. ആശാൻ്റെ കൃതികളിൽ ആ രണ്ടു വിഷയങ്ങൾക്കുമാണു് അനന്തരകാലത്തു പ്രാധാന്യം നല്കിക്കാണുന്നതു്. രാഷ്ട്രീയബോധം കവിയിൽ ഉത്ഭൂതമായിരുന്നെങ്കിലും, ഇവിടത്തെ സാമൂഹ്യബോധവും നീതിയും നേരെയാവാതെ രാഷ്ട്രീയസ്വാതന്ത്ര്യം കൊണ്ടു് ഈഴവരാദിയായ സമുദായങ്ങൾക്കു പ്രത്യേകിച്ചും, വളരെ പ്രയോജനമൊന്നുമില്ലെന്നുള്ള ഒരഭിപ്രായമായിരുന്നു
കവിക്ക് അന്നുണ്ടായിരുന്നതെന്നു തോന്നുന്നു.
എന്തിന്നു ഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്കു ജാതിമദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയർ എന്തിനയേ സ്വരാജ്യം?
എന്ന ശ്ലോകത്തിൽ അതിൻ്റെ സ്വരം മുഴങ്ങിക്കേൾക്കുന്നുമുണ്ട്. രാഷ്ട്രീയസ്വം നേടിക്കഴിഞ്ഞിട്ടും, ഇന്നും നമ്മെ അനൈക്യത്തിലേക്കും അസ്വസ്ഥതയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന മുഖ്യഘടകം അതൊന്നുതന്നെയാണല്ലോ.
