ത്രിമൂർത്തികൾ-കുമാരനാശാൻ
ഒരു കവി, മഹാചിന്തകൻ, സമുദായപ്രവത്തകൻ, പ്രക്ഷോഭകാരി എന്നിങ്ങനെ പല നിലകളിൽ വ്യാപരിച്ചുകൊണ്ടിരിക്കെ ഈ മാപുരുഷൻ 1924-ൽ (1099 മകരം 3-ാം തീയതി) പല്ലനയാറ്റിലെ റഡീമർ ബോട്ടപകടത്തിൽപ്പെട്ട ഊർദ്ധ്വലോകം പൂകുകയാണുണ്ടായതു്.
വീണപൂവു്: എസ്. എൻ. ഡി. പി. സംഘത്തിൻ്റെ ജീവനാഡിയായി ആശാൻ സാമുദായിക കാര്യങ്ങളിൽ പ്രവത്തിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ അദ്ദേഹത്തിലുള്ള കവിത്വവും പുറമേ പ്രകാശിക്കുവാൻ തുടങ്ങി. 1083 വൃശ്ചികം (1908), ആശാൻ്റെ കാവ്യോത്സവത്തിൻ്റെ കൊടികയറ്റമായിരുന്നു. ആ വർഷത്തിലാണ് ഭാഷാകവിതയിൽ നിത്യഭാസുരമായ ഒരദ്ധ്യായം സമുത്ഘാടനം ചെയ്തത്. ‘മിതവാദി’യിൽ ആയിടെ പ്രസിദ്ധീകൃതമായ വീണപൂവിനെയാണു ഞാനിവിടെ ലക്ഷ്യമാക്കുന്നത്. വീണപൂവിനു മുമ്പായി ആശാൻ ശങ്കരശതകം, സുബ്രഹ്മണ്യശതകം, സൗന്ദര്യലഹരി (തർജ്ജമ), മേഘസന്ദേശം (തർജ്ജമ), പ്രബോധചന്ദ്രോദയം (തർജ്ജം) മുതലായ കൃതികൾ നിർമ്മിച്ചിരുന്നുവെന്നുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ ആശാനെ കേരളീയ സഹൃദയന്മാർ ശരിക്കറിയുകയും, അദൃഷ്ടപൂർവ്വങ്ങളായ ഗുണവിശേഷങ്ങൾ അദ്ദേഹത്തിൻ്റെ കൃതികളിൽ കണ്ടു തുടങ്ങുകയും ചെയ്തതും വീണപൂവിൻ്റെ പുറപ്പാടോടുകൂടി മാത്രമാണു്. മിതവാദിയിൽ പ്രസിദ്ധീകരിച്ചുവന്ന വീണപൂവ് സി. എസ്. സബ്രഹ്മണ്യൻപോറ്റി ഒരു മുഖവുരയോടുകൂടി ആയിടയ്ക്ക് ‘ഭാഷാപോഷിണി’യിൽ ഉദ്ധരിച്ചു. അതോടെയാണു് പ്രസ്തുത കൃതി അന്നത്തെ സഹൃദയന്മാരുടെ ശ്രദ്ധയെ സവിശേഷം ആകർഷിച്ചതു്. വർണ്ണനാരീതി, അലങ്കാരവൈചിത്ര്യം, ഭാവദീപ്തി തുടങ്ങിയ എല്ലാ അംശങ്ങളിലും ഒരു അഭിനവത വീണപൂവിലും അനന്തരകൃതികളിലും ആശാൻ പ്രകാശിപ്പിക്കുകയായി. വള്ളത്തോളിൻ്റെ ശബ്ദസൗന്ദര്യം അഥവാ രചനാ സൗഭാഗ്യം, ആശാൻ്റെ കൃതികളിൽ കുറവായിരിക്കാം. അതുപോലെതന്നെ ഉള്ളൂരിൻ്റെ ഉല്ലേഖഗായകത്വവും അത്രതന്നെയില്ലായിരിക്കാം. എന്നാൽ സംസ്കാരത്താലും തത്ത്വജ്ഞാനത്താലും സംസ്കരിക്കപ്പെട്ട വിപുലാശയങ്ങൾ ആശാൻ്റെ കവിതയുടെ ഒരു പ്രത്യേകമുദ്രതന്നെയാണ്. വായനക്കാരൻ്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്നതോടൊപ്പം, അയാളുടെ ചിന്താശക്തിയെ ഉദ്ദീപിപ്പിക്കുന്ന വിശിഷ്‌ടാശങ്ങൾ ഉൾക്കൊള്ളുന്ന നൂതനകവിത, വീണപൂവ് തുടങ്ങിയ കൃതികളുടെ ആവിർഭാവത്തോടുകൂടി മാത്രമേ മലയാളത്തിൽ ഉടലെടുത്തിട്ടുള്ളു.
