ത്രിമൂർത്തികൾ-കുമാരനാശാൻ
മനുഷ്യജീവിതത്തിൻ്റെ ഓരോ ഘട്ടവും ഭാവനിർഭരവും ഭാവനാസാന്ദ്രവുമായി വർണ്ണശബളതയോടെ വീണപൂവിൽ ആശാൻ ചിത്രീകരിച്ചിരിക്കുന്നു. കാല്പനികപ്രസ്ഥാനത്തിൽ ഇത്രയും മനോഹരമായ ഒരു കാവ്യം വീണപൂവിനു മുൻപു് മലയാളത്തിൽ ഉണ്ടായിട്ടേയില്ല. ഒരു ഹിമകണത്തിൽ കാനനം മുഴുവൻ പ്രതിഫലിപ്പിക്കുന്ന സർഗ്ഗശക്തി വീണപൂവിൽ ആശാൻ പ്രകാശിപ്പിച്ചിരിക്കുന്നു.
വീണുകിടക്കുന്ന ഒരു പൂവിനെ കണ്ട നിമിഷത്തിൽ ഹൃദയാലുവായ ഒരു കവിയിൽ ഉല്പന്നമായ ഭാവനാവ്യാപാരങ്ങളാണു ഈ കാവ്യത്തിൽ ഉടനീളം വർണ്ണിച്ചിട്ടുള്ളതു്. പൂവിൻ്റെ ജീവിതത്തിൽക്കൂടി മനുഷ്യജീവിതത്തിൻ്റെ ഒരു ചിത്രവും, മനുഷ്യകഥാനുഗായിയായ കവി ഇതിൽ പ്രതിബിംബിപ്പിച്ചിരിക്കുന്നു. വീണപൂവിൻ്റെ വിജയം സ്ഥിതിചെയ്യുന്നതും ആ അംശത്തിൽത്തന്നെ.
ഹാ, പുഷ്പമേ അധികതുംഗപദത്തിലെത്ര-
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിരയസംശയമിന്നു നിൻ്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
എന്ന ഒരു വിലാപത്തോടുകൂടി കാവ്യം ആരംഭിക്കുന്നു. ഇതിൽ പുഷ്പത്തെ രാജ്ഞിയോടു സാദൃശപ്പെടുത്തിയ കവിയുടെ കല്പന, മലയാളത്തിൽ നൂതനവും സ്വതന്ത്രവുമായ ഒന്നുതന്നെ. പൂവിൻ്റെ ആകർഷ്കമായ നിലയെ ആദ്യം പ്രകാശിപ്പിച്ചു് ഉത്തരക്ഷണത്തിൽ അതിൻ്റെ ദയനീയ സ്ഥിതി നമ്മെ ചൂണ്ടിക്കാണിക്കുന്ന കവി, അന്തർമ്മുഖമായ തന്റെ വീക്ഷണഗതിയെയാണു് ഇവിടെ വ്യക്തമാക്കുന്നതു. ലതാസന്താനമായ പുഷ്പം, ശൈശവത്തിൽ ഇളംതെന്നലേറ്റു തൊട്ടിലാടുന്നതും, ദളമർമ്മരങ്ങളിൽനിന്നു് താരാട്ടു കേട്ടുകൊണ്ടു പല്ലവപുടങ്ങളിൽ പരിലാളനമേറ്റു കിടക്കുന്നതും ഹൃദ്യമായ ഒരു കാഴ്ചയാണു. ‘പാലൊത്തെഴും പുതുനിലാവിൽ’ മതിയാവോളം കുളിച്ചും, ‘ബാലാതപത്തിൽ വിളയാടിയും’ ഇളയ മൊട്ടുകളോടു ചേർന്നും ലീല പൂണ്ടും വിലസുന്ന ഒരു കൊച്ചു കോമളബാലികയായിട്ടത്രേ ആ പൂമ്പൈതലിനെ ചിത്രീകരിക്കുന്നത്. അനന്തരം സംഗീതവും ലോകതത്ത്വവും അഭ്യസിക്കുന്ന ഒരു കൊച്ചു വിദ്യാർത്ഥിനിയായിത്തീരുന്നു, ആ പുഷ്പബാലിക. അല്പകാലങ്ങൾക്കിടയിൽ അവളുടെ അവയവങ്ങൾ ചില മോഹനഭംഗികളെ ആവിഷ്ക്കരിക്കുയായി. കാന്തിപൂണ്ട കവിളും, ഭാവമധുരമായ വദനവും, അതിലെ അർവത്തായ പുഞ്ചിരിയും, മറ്റു സുകുമാരഗുണങ്ങളും കലർന്ന ആ മൃദുമെയ്യിൽ നവ്യതാരുണ്യം കടന്നുചെന്നപ്പോൾ അതി’ നില ഒന്നു കാണേണ്ടതുതന്നെയായിരുന്നു.
