ത്രിമൂർത്തികൾ-കുമാരനാശാൻ
അകവും പുറവും ഒന്നുപോലെ ഗുണമധുരമായ ആ സൗഭാഗ്യം, ഒട്ടേറെ അനുഭവാർത്ഥികൾ കൊതിച്ചതുടങ്ങി. അവരിൽ ഏതോ ഒരുവൻ്റെ അനുരാഗത്തിനു് അവൾ വശംവദയായി. എന്നാൽ കഷ്ടം, ആ യൗവനകാലം അനുഭവപ്പെടുന്നതിനു മുമ്പുതന്നെ, പൂവിൽനിന്നും ആ ചൈതന്യം അതാ പൊയ്ക്കഴിഞ്ഞു. രാജ്ഞിയെപ്പോലെ അധികതുംഗപദത്തിൽ ശോഭിച്ചിരുന്ന ആ പുഷ്പം നിലംപതിക്കുകയായി.
സൗന്ദര്യമുള്ള ചിത്രശലഭങ്ങൾ പ്രണയാർത്ഥികളായിരുന്നിട്ടും അവയോടു മനസ്സിണങ്ങാതെ വളരെ അകലെനിന്നു് അനുരാഗവാപ്പോടെ വന്നണഞ്ഞ ഒരു ഭൃംഗരാജനെയാണത്രെ പുഷ്പം വരിച്ചതു്. എന്നാൽ പൂവി’ ഈ അകാലചരമത്തിൽ ആ ഭ്രമരകാമുകൻ്റെ ജീവിതാശകൾ മുഴുവൻ തകർന്നു. ഖിന്നനായ അവൻ ഇപ്പോൾ പൂവോടൊപ്പം മരിച്ചുകളയും എന്ന മട്ടിൽ, പൂവിനു വട്ടമിട്ടു വിലപിക്കുകയും, കല്ലിലും പുല്ലിലും ആഞ്ഞു തലതല്ലുകയുമായി. ചിത്രശലഭാദികളായ അന്യകാമുകരെയെല്ലാം ഉപേക്ഷിച്ചു്, തന്നിൽ സർവ്വസ്വവും അർപ്പിച്ച പുഷ്പത്തെ വിട്ട്, വണ്ടു് ‘കുസുമാന്തരലോല’നായതുകൊണ്ടുള്ള വ്യഥയായിരിക്കുമോ, ആ പൂവിനെ ഹനിച്ചത്? അങ്ങനെയെങ്കിൽ ആ സാഹസികനു് ഈ പശ്ചാത്താപം അവശ്യം വേണ്ടതുതന്നെ. ശോകാന്ധനായ അവൻ കുസമചേതനപോയ മാർഗ്ഗം ദർശിച്ചു സാകൂതമാംപടി പറന്നു അതിനെ പിന്തുടരുകയായി.
കാലനിപതിതമായ പൂവിൻ്റെ നിശ്ചേതനമായ കിടപ്പിനെ ഭാവനിർഭരമായി കവി തുടർന്നു വർണ്ണിക്കുന്നു. ചെറുലൂതകൾ ആ മൃതദേഹത്തിൽ “ചരമാവരണം ദുകൂലം’ രചിച്ചു ചാർത്തുതുകയായി; ഉഷസ്സ് നീഹാരശീകരമനോഹരമായ അന്ത്യഹാരവും അണിയിച്ചു. താരങ്ങൾ തപിച്ച്, ഹിമകണങ്ങൾ എന്ന വ്യാജേന കണ്ണീർ പൊഴിച്ചു. പ്രകൃതി ആകമാനം ശോകമൂകമായിക്കഴിഞ്ഞു. ഈ അവസരത്തിൽ കവി വേദശാസ്ത്രങ്ങളിലുള്ള ദൃഢവിശ്വാസത്തോടെ ഒരു ചരമപ്രസംഗം തന്നെ ആരംഭിക്കുന്നു. ഒടുവിൽ,
കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ
എണ്ണീടുകാർക്കുമിതുതാൻ ഗതി, സാദ്ധ്യമെന്തു
കണ്ണീരിനാൽ അവനിവാഴ്ന്നു കിനാവുതന്നെ.
എന്ന ഉദ്ബോധനത്തോടുകൂടി കാവ്യം ഉപസംഹരിക്കയും ചെയ്യുന്നു.
