ത്രിമൂർത്തികൾ-കുമാരനാശാൻ
വീണപൂവിലെ ഓരോ പദ്യവും മനുഷ്യജീവിതത്തിലെ ഓരോ സംഭവങ്ങളടെ സജീവചിത്രങ്ങളത്രേ. പാശ്ചാത്യ പൗരസ്ത്യ സംസ്കാര പ്രവണതകൾ ഈ കാവ്യത്തിൽ ആപാദചൂഡം അന്യോന്യരഞ്ജിതമായി മേളിച്ചിരിക്കുന്നു. ജീവിതത്തിൻ്റെ പ്രതീകമെന്നോണം പൂവിനെ വർണ്ണിക്കുന്ന ഈ കാവ്യം, ഭാഷയിലെ ആദ്യത്തെ സിംബോളിക് കവിതയാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
“സുന്ദരിയും സത്ഗുണവതിയും പരസ്പരാനുരാഗത്തിനു പാത്രീഭവിക്കാതെ പരഹസ്തഗതയുമായ ഒരു നായികയുടെ അകാലമൃതിയിൽ നായകനുണ്ടായ മനോവിചാരരാണ് പ്രസ്തുത കാവ്യത്തിലെ വർണ്ണ്യവിഷയം. ഈ വിഷയത്തെ ഒരു പൂവിൻ്റെ ജീവിതത്തോടു പരിപൂർണ്ണമായി സംഘടിപ്പിച്ചതിലാണ് കവിയുടെ കലാകൗശലം സ്ഥിതിചെയ്യുന്നതു” എന്ന് ഡി. പി. ഉണ്ണി പ്രസ്താവിച്ചിട്ടുള്ളത് ഈ ഘട്ടത്തിൽ ഏറ്റവും ചിന്തനീയമായി തോന്നുന്നു. നളിനി, ലീല എന്നീ കാവ്യങ്ങളിലെ നായികമാരുടെ അകാലചരമവും, വീണപൂവിലെ നായികയുടെ അനുഭവങ്ങളും കഥകളുംതന്നെ, രൂപാന്തരപ്പെടുത്തി കവി പ്രകാശിപ്പിക്കുന്നതല്ലേ എന്നു ചിന്തിക്കേണ്ടതുമുണ്ട്.
