പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

നളിനി: വീണപൂവിനുശേഷം മൂന്നുവർഷം കഴിഞ്ഞു. അതായതും 1911-ൽ പ്രസിദ്ധപ്പെടുത്തിയ നളിനി ആശാൻ്റെ കാവ്യങ്ങളിൽ ഏററവും പ്രസിദ്ധിയേറിയതത്രേ. ആശാൻ്റെ കവിയശസ്സ് സുപ്രതിഷ്ഠിതമായിട്ടുള്ളതും ഇതിൽത്തന്നെ. സത്വഗുണാവലംബിയായ ശൃംഗാരത്തിൻ്റെ അഥവാ, പരിശുദ്ധമായ അനുരാഗത്തിൻ്റെ സൂക്ഷ്മസ്ഥിതിയെ ഇതിൽ സുവ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. എങ്കിലും പ്രണയനൈരാശ്യത്തിലാണു് ഇതിലെ കഥയവസാനിക്കുന്നതെന്നു സാധാരണന്മാർക്കു തോന്നാം. നായികയായ നളിനി, കോരകത്തിൽ മധുവെന്ന പോലെ ഹൃദയാന്തർഭാഗത്തു് തൻ്റെ ജീവിതേശനായ ദിവാകരനെ നിഗുഢമായി പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ ഈ വാസ്തവസ്ഥിതി ഒന്നും അറിഞ്ഞിട്ടില്ലാത്ത ദിവാകരൻ, വിരക്തനായി ദേശാന്തരഗമനം ചെയ്യുകയാണുണ്ടായതു്. ഈ ഘട്ടത്തിൽ, നളിനിയുടെ ഉറ്റവർ, അവളെ മറെറാരുവനു വിവാഹം ചെയ്തുകൊടുക്കവാൻ തീർച്ചപ്പെടുത്തി. വിവരം അറിഞ്ഞ് അവൾ അർദ്ധരാത്രിസമയം ഒരു വനാന്തരത്തിലെത്തി, നിരാശയാൽ ആത്മഹത്യയ്ക്കൊരുങ്ങുന്നു. യാദൃച്ഛയാ അവിടെ വന്നെത്തിയ ഒരു വൃദ്ധതാപസിയുടെ കാരുണ്യംകൊണ്ട് ആ സാഹസത്തിൽനിന്നു് അവൾ രക്ഷപ്പെട്ടു; അവിടെത്തന്നെ തപസ്സു ചെയ്യുവാൻ തുടങ്ങി. ഇക്കാലത്തൊരിക്കൽ ഏതോ ശക്തിയുടെ പ്രേരണയാൽ, യാദൃച്ഛികമായി നളിനി ദിവാകരനെ കണ്ടുമുട്ടുന്നു. അവൾ നിശ്ശങ്കം തൻ്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്ന ആ ആരാധനാമൂർത്തിയുടെ സമീപത്ത് പാഞ്ഞെത്തി. അതുവരെ തീവ്രയത്നം ചെയ്തു നിഗൂഹനം ചെയ്തിരുന്ന പ്രണയത്തെ അയാളിൽ നിക്ഷേപിച്ച് അവൾ ശാന്തി പദം പ്രാപിക്കുന്നു.

ഓമലാൾ മുഖമതീന്നു നിർഗ്ഗമി-
‘ച്ചോ’മിതിശ്രുതിനിഗൂഢവൈഖരി,
ധാമമൊന്നുടനുയർന്നു മിന്നൽപോൽ-
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.