ത്രിമൂർത്തികൾ-കുമാരനാശാൻ
ഇതാണ് നളിനിയിലെ കാവ്യവസ്തു. നായികയായ നളിനി ‘ചക്ഷുഃ പ്രീതി’ തുടങ്ങിയ കാമത്തിൻ്റെ പത്തവസ്ഥകളേയും പടിപടിയായി കടന്നു് ഒടുവിൽ സ്നേഹത്തിൻ്റെ പരമകാഷ്ട്രയായ ത്യാഗത്തിൽ സ്വജീവനെ അർപ്പിക്കുന്ന ഒരു ചേതോഹരചിത്രമാണ് മഹാകവി ഈ കാവ്യത്തിൽ ഭാവുകന്മാരെ ദർശിപ്പിക്കുന്നതു്.
സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭൂവനസംഗമിങ്ങതിൻ-
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ.
എന്നിങ്ങനെ സ്നേഹമഹിമയെ ദിവാകരയോഗിയെക്കൊണ്ടു കവി ലോകത്തിൽ വിളംബരം ചെയ്യിക്കുന്നതു് നോക്കുക.
ലീല: പ്രണയനൈരാശ്യമാണ് ഇതിലെയും വിഷയം. നായികാനായകന്മാരായ ലീലാമദനന്മാർ അയൽക്കാരും, ശൈശവം മുതൽ ഒരുമിച്ചു കളിച്ചുവളർന്നവരുമാണു്. പ്രായമായതോടെ അവർ പരസ്പരം ഹൃദയം പകർന്നു. ലിലയ്ക്കു നവ യൗവനം വന്നുദിച്ചപ്പോൾ പിതാവ് അവളെ ‘സമധനവംശനാ’യ ഒരു യുവാവിനു വിവാഹം ചെയ്തുകൊടുത്തു. ‘വധുവിൻ മനമോരാതേ വരനെ തീർച്ചയാക്കി’ നടത്തിയ ആ പരിണയം, പരാജയത്തിൽ ചെന്നെത്തുകയായി. ലീല പിതൃകൃതനായ ഭർത്താവിനു് ശരീരംകൊണ്ടു് അധീനയായിരുന്നെങ്കിലും, സ്വമനസ്സിൽ പ്രതിഷ്ഠിച്ചിരുന്ന മദനനെ ധ്യാനിച്ചുതന്നെ ദിനങ്ങൾ നയിച്ചുപോന്നു. അങ്ങനെ ദിനങ്ങളും മാസങ്ങളും വർഷങ്ങളും ചിലതു കഴിഞ്ഞുകൂടി. ഇതിനിടയിൽ മദനഗതമായ അവളുടെ പ്രണയവും പ്രണയജമായ അഴലും, അതിൻ്റെ പരമകാഷ്ടയിലെത്തി. ആ ദശാസന്ധിയിൽ ‘അവളുടെ ശയനീയശായിയാമവനൊരുഷസ്സിലുണർന്നിടാതെയായ്.’ അങ്ങനെ ഗുണപരിണാമപരീക്ഷകനായ വിധി അവളെ അനുഗ്രഹിച്ചു.
