ആധുനികയുഗം
“ഓളം കളിച്ചിളകുമംബുധി, നല്ല മുല്ല-
പ്പുവെന്നപോലെ പൊഴിയുന്ന നിലാവെളിച്ചം
നീളെപ്പരന്ന ചെറുകാറ്റിനിയെന്തുവേണ്ടൂ?
സാവർവ്വശശക്തിയുടെ സാധുദയാവിലാസം.”
തത്ത്വചിന്തകളും ഈ കാവ്യത്തിൽ കുറവല്ല.
ഒന്നും തിരിച്ചറിയുവാനരു, തൊട്ടറിഞ്ഞോ-
രൊന്നും കഥിക്കുകയുമില്ല, കഥിച്ചുവെങ്കിൽ
എല്ലാമസത്യ, മിതുമല്ലതുമല്ല സത്യ-
മെന്നോതു, മിങ്ങനെ മറഞ്ഞരുളുന്നു തത്ത്വം.
വേദാന്തികളുടെ ‘നേതി നേതി’ എന്നുള്ള ശുഷ്ക്കമായ ഉപനിഷൽതത്ത്വം കവി ഇവിടെ ഏത്ര മനോഹരമായി പ്രകാശിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക. വി. സി.യുടെ ഒരു പദ്യവും കൂടി ഉദ്ധരിച്ചുകൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കാം:
പാരാവാരം കരേറിക്കരകൾമുഴുവനും
മുക്കി മൂടാത്തതെന്തോ?
താരാവൃന്ദങ്ങൾ തമ്മിൽ സ്വയമുരസി മറി-
ഞ്ഞത്ര വീഴാത്തതെന്തോ?
നേരായാരാഞ്ഞു നോക്കീടുക മദമിയലും
മർത്ത്യരെ, നിങ്ങ, ളെന്നാ-
ലാരാൽ കണ്ടെത്തുമെല്ലാറ്റിനുമുപരി വിള-
ങ്ങുന്ന വിശ്വേശരൂപം. *
* (വി. സി., മലബാറിൽ ഊരകം അംശത്തിൽ വെള്ളാട്ടു ചെമ്പലശ്ശേരി വീട്ടിൽ 1064-ാമാണ്ടു കുംഭമാസത്തിൽ ജനിച്ചു. 1080-ൽ 16-ാ മത്തെ വയസ്സിൽ “കേരളചിന്താമണി’യുടെ പത്രാധിപരായി. പിന്നീടു കോഴിക്കോട്ടുനിന്നു പുറപ്പെട്ട ‘മലബാറി’, കൊച്ചിയിൽനിന്നു പുറപ്പെട്ട ‘ചക്രവർത്തി’ എന്നീ പത്രങ്ങളുടെ അധിപരായി പ്രവർത്തിച്ചിരുന്നു. 1089-ൽ ക്ഷയരോഗത്താൽ പരലോക പ്രാപ്തനാകയും ചെയ്തു. മാനവിക്രമീയം, നാഗാനന്ദം തുടങ്ങി പല കൃതികളും രചിച്ചിട്ടുണ്ട്. എങ്കിലും പ്രധാനകൃതികൾ, വിലാപവും വിശ്വരൂപവുമാണു്.)
