പദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ആധുനികയുഗം

ആസന്നമരണചിന്താശതകം: മലയ്വിലാസത്തെത്തുടർന്നു്, അതേവർഷം തന്നെ കെ. സി. കേശവപിള്ള നിർമ്മിച്ച ഒരു ഖണ്ഡകാവ്യമാണ് 104 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ആസന്നമരണചിന്താശകം. വിവിധ നിലകളിൽ ജീവിതം നയിച്ച ഒരു ഗൃഹസ്ഥാശ്രമിയുടെ അവസാന നിമിഷത്തിലെ ചില വികാരങ്ങളേയും ചിന്തകളേയും ആത്മാംശം കലർത്തി കവി അതിൽ വർണ്ണിച്ചിരിക്കുകയാണ്. സാങ്കേതികത്വം കുറെയെല്ലാം കാണമെങ്കിലും മലയാളത്തിലെ ഭാവപ്രധാനമായ കാവ്യങ്ങളുടെ കൂട്ടത്തിൽ അതു ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. ആസന്നമരണനായ ഒരു പിതാവു കേഴുന്നതു നോക്കുക:

നാരീമൗലികൾ വന്നണഞ്ഞടിതൊഴുന്നെന്നോമനപ്പുത്രിയാ
സാരീഗാമപധാനിയെന്നു സരസം സപ്തസ്വരം സാദരം
സ്ഫാരീഭൂതവിലാസമോടു നിയതം പാടുന്നതിൻ ധാടി കേ-
ട്ടാരീവത്സലഭാവമോടിനി രസിച്ചീന്നു കൂടുംമുദാ.

(* ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ 1038-ാ മാണ്ടു. കുംഭമാസം 4-ാം തീയതി ചങ്ങനാശ്ശേരി ലക്ഷ്മി പുരത്തു കൊട്ടാരത്തിൽ ജനിച്ചു. 1046 മാണ്ടു് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരം കാരണവർ പണിയിച്ചപ്പോൾ കുടുംബം മുഴുവൻ അവിടെ മാറിത്താമസിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാനു് ആലപ്പുഴനിന്നും ഹരിപ്പാട്ടു പോയി താമസിക്കുവാൻ രാജാജ്ഞ കിട്ടിയതു് 1052 വൃശ്ചികമാസത്തിലായിരുന്നു. അന്നുമുതൽ ഏ. ആർ., മാതുലനായ വലിയകോയിത്തമ്പുരാനിൽനിന്നും സംസ്കൃതത്തിലെ ഉപരിഗ്രന്ഥങ്ങൾ പലതും അഭ്യസിച്ചു. 1055 ൽ മാതുലനൊന്നിച്ചു് തിരുവനന്തപുരത്തേക്കു പോയി, അവിടെ പഠിച്ചു് 1065-ൽ ബി.എ. യും., 1067-ൽ എം.എ.യും പാസ്സായി. സംമസ്കൃത കോളേജ് പ്രിൻസിപ്പൽ, മഹാരാജകലാലയത്തിലെ നട്ടുഭാഷാസൂപ്രണ്ട് എന്നീ ഉദ്യോഗങ്ങൾ വഹിച്ചിരുന്നു. 1093 മിഥുനം 4-ാം തീയതി മാവലിക്കരയിലുള്ള സ്വന്തം ശാരദാലയം എന്ന ഭവനത്തിൽവെച്ചു സന്നിപാതജ്വരം മൂലം പരഗതിയെ പ്രാപിച്ചു. സംസ്കൃതത്തിൽ ആംഗലസാമ്രാജ്യം മഹാകാവ്യം, ലഘുപാണിനീയം വ്യാകരണം തുടങ്ങിയവയും; ഭാഷയിൽ, കേരളപാണിനീയം വ്യാകരണം, മണിദീപിക, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം, മലയാളശാകുന്തളം തുടങ്ങിയ കൃതികളും നിർമ്മിച്ചിട്ടുണ്ട്.)