പദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ആധുനികയുഗം

കവിഹൃദയം ഇവിടെ എങ്ങനെ പകർന്നിരിക്കുന്നുവെന്നു് കാണേണ്ടതാണു്. ഇതുപോലെ അനുവാചകരെ വികാരാധീനരാക്കുവാൻ പോരുന്ന പല പദ്യങ്ങളും അതിലുണ്ട്:

തെങ്ങിൻ തൈകൾ വരുത്തി ഞാനധികമത്തോപ്പിൽ കുഴുപ്പിച്ചു വ-
ച്ചങ്ങിപ്പോഴവ കായ്ക്കുവാനവസരം കൈക്കൊണ്ടു നിൽക്കുന്നു, ഹാ!
തിങ്ങിപ്പൊങ്ങി വിളങ്ങിയേറ്റമവയിൽത്തങ്ങും ഫലം ഭംഗിയോ-
ടിങ്ങിപ്പാപിയിവന്നു തെല്ലനുഭവിച്ചീടാൻ കഴിഞ്ഞില്ലഹോ

ആരും വന്നു തൊടാതെ ഭദ്രതരമായ് വീക്ഷിച്ചു സൂക്ഷിച്ചൊരീ-
ച്ചാരും ചാരുകസേര, കട്ടിൽ മുതലാം നിസ്തുല്യവസ്തുക്കളെ
ചേരും ശോഭകലർത്തി മേലുമിതുപോൽ നന്നാക്കിവെച്ചീടുവാ-
നാരുണ്ടായ്വരുമോ ധനേച്ഛയുടയോർ തേറ്റൊന്നു വിറ്റീടുമോ? *


* (കെ. സി. കേശവപിള്ള കൊല്ലം പരവൂരിൽ വാഴുവിളവീട്ടിന്റെ ശാഖയായ കോതേത്തുവീട്ടിൽ 1043 മകരം 22-ാംതീയതി ജനിച്ചു. 1089-ാ മാണ്ടു ചിങ്ങമാസം 20-ാം തീയതി അപ്രതീക്ഷിതമായി ചരമമടഞ്ഞു. ചെറുപ്പത്തിലേ ഒരു കഥകളിഭ്രമക്കാരനായിരുന്നു. 3 ആട്ടക്കഥകൾ ഉൾപ്പെടെ 20-ൽ അധികം കൃതികൾ നിർമ്മിച്ചിട്ടുണ്ട്. കേശവീയം മഹാകാവ്യമാണു് പ്രധാന കൃതി. ‘സരസഗായകകവിമണി’ എന്നൊരു ബഹുമതി നേടിയിരുന്നു. പ്രൊഫസർ കെ. എൻ. ഗോപാലപിള്ള എം. എ. ഈ മഹാകവിയുടെ പുത്രനാണു്.)

ചിന്താബന്ധുരമായ മണ്ഡലത്തിലും കവി എത്തിച്ചേരാതിരിക്കുന്നില്ല. ഒരു ശ്ലോകം മാത്രം ഇവിടെ ഉദ്ധരിക്കാം: