പദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ആധുനികയുഗം

എന്താണീ മൃതിയെന്നതേതുവിധമാണേതും നിനയ്ക്കവേത-
ല്ലെന്താപത്തിതു നിദ്രപോലെ വരുമോ നിദ്രാന്തരം തന്നിലും?
സന്താപപ്രമദങ്ങളെ കുമതിയായ് സ്വപ്നങ്ങളിന്നല്പമ-
ല്ലെൻതാപം ബത! ദീർഘനിദ്രയിതുതാനെന്നായിവന്നീടുമോ?

പ്രിയവിലാപവും ഒരു വിലാപവും: വി. സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം എന്ന റൊമാൻറിക് കവിതയാണു് അടുത്തതായി നമ്മുടെ ശ്രദ്ധയിൽ പെടുന്നതു്. എന്നാൽ, പ്രസ്തുത കൃതിക്കു മുമ്പു് പുറപ്പെട്ട രണ്ടു വിലാപകാവ്യങ്ങളെ ഇവിടെ തീരെ വിസ്മരിക്കുവാൻ നിവൃത്തിയില്ല. എം. രാജരാജവർമ്മ തമ്പുരാൻ എഴുതിയ ‘പ്രിയവിലാപ’മാണു് അവയിലൊന്നു. ടെനിസൻ എന്ന ആംഗ്ലേയകവിയുടെ ‘ഇൻ മെമ്മോറിയം’ എന്ന കാവ്യത്തെ മാതൃകയാക്കി രചിച്ചിട്ടുള്ളതാണു പ്രിയവിലാപം. സുഹൃദ‌വിയോഗംകൊണ്ടുള്ള ദുഃഖമാണ് രണ്ടിലേയും പ്രതിപാദ്യം. തന്റെ പ്രിയനായ അശ്വതിതിരുനാൾ തമ്പുരാന്റെ അകാല ചരമത്തിലുള്ള ഹൃദയവ്യഥയത്രെ പ്രിയവിലാപത്തിൽ കവി വെളിപ്പെടുത്തുന്നതു്. സ്വന്തം പൈതലിന്റെ അകാലചരമത്തിൽ സന്തപ്തമായിത്തീർന്ന പിതൃ ഹൃദയത്തിൽനിന്നുദിതമായ വികാരമാണ് മറെറാരു വിലാപകാവ്യമായ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ ‘ഒരു വിലാപം’. പ്രിയവിലാപത്തെ അപേക്ഷിച്ച് ഒരു വിലാപം കൂടുതൽ ഹൃദയസ്പശിയാണ്.