ആധുനികയുഗം
ഇന്നാളിവൻ്റെ സുകൃതിക്കൊടി വെന്ത വൃത്ത-
മന്നാളിലല്പമുരചെയ്തറിയിച്ചുവല്ലോ?
ഇന്നോളമിക്കദനവഹ്നി ശമിച്ചിടാതെ-
നിന്നാളിടുന്നു ശിവനേയിവനെന്തുചെയ്യും?
എത്ര ശോകമധുരമായിരിക്കുന്നു ഇവയെന്നു പറയേണ്ടതില്ലല്ലോ.
വി. സി.യുടെ വിലാപം: 1909 ലെ കവനകൗമുദിവഴിക്കാണ് ‘ഒരു വിലാപം’ എന്ന വി.സി.യുടെ കവിത ആദ്യം പുറത്തുവന്നത്. അതിലെ കവനരീതി അന്നുതന്നെ സഹൃദയരെ ആകർഷിച്ചുകഴിഞ്ഞു. വിലാപത്തിലെ സംഭവവുമായി കവിക്കു ബന്ധുമുണ്ടോ എന്നു നിശ്ചയമില്ല. ഉണ്ടായാലും ഇല്ലെങ്കിലും കവിഹൃദയത്തിൽ അനുഭൂതിയുടെ കോളിളക്കങ്ങൾ പെരുകുകമൂലം ആത്മനിഷ്ഠമായ വികാരവായ്പോടുകൂടിയാണ് കാവ്യം ആവിഷ്ക്കരിച്ചിട്ടുള്ളത്. നീറുന്ന ഹൃദയത്തിൻ്റെ ഭാവനാമധുരമായ സുസ്വരമാണ് വി. സി.യുടെ വിലാപകാവ്യത്തിൽ ആദ്യന്തം മുഴങ്ങിക്കൊണ്ടിരിക്കുന്നതു്.
തിങ്ങിപ്പൊങ്ങും തമസ്സിൽ കടലിലൊരു കുടം
പോലെ ഭൂചക്രവാളം
മുങ്ങിപ്പോയി മുഴുക്കെ കുളിരിളകുമിളം-
കാററു താനേ നിലച്ചു
മങ്ങിക്കാണുന്ന വിശ്വപ്രകൃതിയുടെ പക-
ർപ്പെന്നമട്ടന്നു മൗനം
തങ്ങിക്കൊണ്ടർദ്ധരാത്രിക്കൊരു പുരുഷനിരു-
ന്നീടിനാനാടലോടേ.
ആ കരാളഭീകരതയെ ദശഗുണം ഉജ്ജ്വലമാക്കാൻപോരുന്നവയാണു് തുടർന്നുള്ള പരിതഃസ്ഥിതിവർണ്ണനകൾ:
