ഇടപ്പള്ളിക്കവികൾ
പ്രാരംഭം: ഇടപ്പള്ളിക്കവികൾ എന്നു കേൾക്കുന്ന നിമിഷത്തിൽത്തന്നെ ചങ്ങമ്പുഴ കൃഷ്ണപിള്ളയേയും രാഘവൻപിള്ളയേയും ഇന്നത്തെ കാവ്യരസികന്മാർ അനുസ്മരിച്ചുകഴിയും. ‘ഒരേ ഞെട്ടിൽ വികസിച്ച രണ്ടു സുരഭില കുസുമങ്ങളായിരുന്നു ആ കവികൾ’. സതീർത്ഥ്യരും ഏതാണ്ടു സമവയസ്ക്കരുമായിരുന്ന അവർ ഇരുവരും പ്രേമഗായകന്മാരായിട്ടാണു് കാവ്യരംഗത്തു കടന്നുവന്നത്. ഇരുവർക്കും ദാരിദ്ര്യം, നൈരാശ്യം, നിസ്സഹായത തുടങ്ങിയ നിരവധി പ്രതിബന്ധങ്ങളിൽ തട്ടിമുട്ടിയ ജീവിതമാണ് നയിക്കേണ്ടിയിരുന്നതു്. തന്നിമിത്തം വിഷാദാത്മകത്വവും പരാജയബോധവും അവരുടെ മനസ്സിൻ്റെ സവിശേഷതകളായി പരിണമിക്കയും ചെയ്തു. പ്രസ്തുത ഭാവവിശേഷങ്ങളിൽ വേരുറപ്പിച്ചുകൊണ്ടാണ് അവരുടെ കാവ്യലതകൾ ഉദിച്ചുയരുകയും പടർന്നു പന്തലിക്കയും ചെയ്തിട്ടുള്ളതും. ഭാഷാ കവിതയുടെ വികാസചരിത്രത്തിൽ ഏറ്റവും ശബ്ദായമാനമായ ഒരു നവ്യഘട്ടത്തിൻ്റെ ഉദ്ഘാടകന്മാരെന്ന പദവിയിലാണു് ആ ഇരുകവികളും ഇന്നു നിലകൊള്ളുന്നതു്. ജീവിതാനുഭവങ്ങളിലും വികാരവിചാരങ്ങളിലും പരസ്പരം ഏതാണ്ടു തുല്യതയിൽ വർത്തിച്ചിരുന്ന പ്രസ്തുത കവികളെപ്പറ്റി അല്പം ചിലതു പ്രസ്താവിക്കുവാനാണു് ഇതിനുപരി മുതിരുന്നതു്.
ചങ്ങമ്പുഴ കൃഷ്ണപിള്ള : ചുരുങ്ങിയ കാലയളവിനുള്ളിൽ – മുപ്പത്തിനാലു വർഷത്തെ ജീവിതത്തിനിടയിൽ – ‘ബാഷ്പാഞ്ജലി’തൊട്ടു ‘സ്വരരാഗസുധ’വരെയുള്ള മുപ്പത്താറു കൃതികൾ രചിക്കുകയും * (സ്വരരാഗസുധയ്ക്കു ശേഷം, രാഗപരാഗം തുടങ്ങി നീറുന്ന തീച്ചൂളവരെ ഏഴു സമാഹാരങ്ങൾകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്). ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളീയകവികളിൽ മറ്റാർക്കും നേടുവാൻ കഴിഞ്ഞിട്ടില്ലാത്ത കീർത്തി സമ്പാദിക്കുകയും ചെയ്ത ഒരസാധാരണകവിയാണു് ചങ്ങമ്പുഴ കൃഷ്ണപിള്ള.