ഇടപ്പള്ളിക്കവികൾ
പുളകപ്പുലരൊളി മാറിമാറിപ്പുണരുമപ്പൊൻകവിൾപ്പൂവിണയിൽ നിഴലിക്കയാണപ്പഴപ്പൊഴോരോ മഴവില്ലിൻ കൊച്ചുകൊച്ചുങ്കുരങ്ങൾ എന്നു കവി വർണ്ണിച്ചിട്ടുള്ളതുപോലെ, അപ്പഴപ്പോൾ തോന്നുന്ന ഓരോ മനോഭാവങ്ങളെ ആത്മാർത്ഥമായി, അകൃത്രിമമായി അങ്ങു പ്രകാശിപ്പിച്ചേക്കും.
ഒരസമീക്ഷ്യകാരിയുടെ നിലയാണു കവിക്കെപ്പോഴുമുള്ളത്. ക്രാന്തദർശിത്വം തീരെയില്ല. ഈ അസ്ഥിരതയുടേയും ദീർഘദൃഷ്ടിയില്ലായ്മയുടേയും ഫലമായി ഇന്നലെ പറഞ്ഞതു് അദ്ദേഹം ഇന്നു മറക്കും. ഇന്നു പറയുന്നതു നാളെ ഒർമ്മിച്ചില്ലെന്നും വരും. ഇങ്ങനെ പൂർവ്വാപരവിരുദ്ധമായ ആശയങ്ങളുടേയും ആദർശങ്ങളുടേയും ജൈത്രയാത്ര ചങ്ങമ്പുഴക്കവിതകളിൽ എവിടേയും നമുക്കു കാണാം. അസ്ഥിരമായി നിലകൊള്ളുന്ന ഇത്തരം ആശയങ്ങളുടെ, ചിന്തകളുടെ ഒരു ലോകത്തിലാണു് ചങ്ങമ്പുഴ എന്നും വിഹരിക്കുന്നതു്. തന്നിമിത്തം കവി പ്രകാശിപ്പിക്കുന്ന സത്യം, സ്നേഹം തുടങ്ങിയ വിശ്വോത്തര ജീവിതമൂല്യങ്ങൾ പോലും നമുക്കു മാതൃകായോഗ്യമോ, വിശ്വാസ്യമോ ആയിത്തീരുന്നില്ല. സ്വഭാവദാർഢ്യവും പൗരുഷവും പ്രകാശിപ്പിക്കേണ്ട ദിക്കിലെല്ലാം അവിവേകവും ദൗർബല്യവുമാണു് ചങ്ങമ്പുഴക്കവിതകളിൽ പ്രായേണ തെളിഞ്ഞുകാണുന്നതു്.
ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണന്മാർ അദ്ദേഹത്തിൻ്റെ കവിതയെ പൂർവ്വാധികം താലോലിച്ചുകൊണ്ടിരിക്കയാണിന്നു്.
നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലേ നിൻഗാനമെന്നും
എന്നു പാടിയ കവി തൻ്റെ ഭാവികാലജീവിതത്തെ മുൻകൂട്ടി കണ്ടിരുന്നുവോ എന്തോ?