പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

രാഘവൻപിള്ള: ഒരേ ഞെട്ടിൽ വിരിഞ്ഞ രണ്ടു കോമളകുസുമങ്ങളിൽ ഒന്നിനെപ്പറ്റിയാണു് – ചങ്ങമ്പുഴയെപ്പറ്റിയാണു് – ഇതേവരെ പ്രസ്താവിച്ചതു്. ചങ്ങമ്പുഴ ഇന്നേക്ക് ഒരു പന്തീരാണ്ടു മുൻപ് കൃത്യമായിപ്പറഞ്ഞാൽ 1948 ജൂൺ 15-ാംതീയതി 34-ാമത്തെ വയസ്സിൽ ഐഹികബന്ധം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ ആത്മസുഹൃത്തായ രാഘവൻപിള്ള പ്രസ്തുത സംഭവത്തിനു് ഒരു പന്തീരാണ്ടു മുൻപുതന്നെ – 1936 ജൂലൈ 4-ാം തീയതി 27-ാമത്തെ വയസ്സിൽ ജീവിതലതയിൽ നിന്നും അടർന്നുവീണു കഴിഞ്ഞിരുന്നു. രണ്ടു കവികളും ജീവിത കാലമത്രയും മിക്കവാറും ഒരേ സ്വരംതന്നെയാണു് – ഒരേ ആശയംതന്നെയാണു് – വൈവിദ്ധ്യത്തോടുകൂടി ഉൽഗാനം ചെയ്തിരുന്നത്. എന്നാൽ ഈ പ്രേമകവികളിൽ രാഘവൻപിള്ളയായിരുന്നു കൂടുതൽ ഏകതാനനും ആദർശധീരനും എന്നു പറയാം. പ്രണയ വിഷയകമായി ‘വെർതർ’ എന്ന പാശ്ചാത്യകഥാപാത്രത്തിനുണ്ടായിരുന്ന മാനസികഭാവം തന്നെയാണു് രാഘവൻപിള്ളയ്ക്കും ഉണ്ടായിരുന്നത്. മലയാളത്തിൽ വിഷാദാത്മകത്വം ഒരു പ്രസ്ഥാനമാക്കിത്തീർക്കുകയും അതിൻ്റെ വിശ്വസ്തവക്താവായി നിലകൊള്ളുകയും ചെയ്ത കവിയാണ് രാഘവൻപിള്ള എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. അദ്ദേഹത്തിനു ചങ്ങമ്പുഴയെ അപേക്ഷിച്ചു സ്ഥിരവും വ്യക്തവുമായ ഒരു തത്ത്വശാസ്ത്രമുണ്ടായിരുന്നു. അതു് ആദ്യന്തം നൈരാശ്യത്തിൻ്റെ കാർമേഘത്താൽ ഇരുളടഞ്ഞതായിരുന്നു എന്നുമാത്രം രാഘവൻപിള്ളയിൽ ക്രമികമായി വളർന്നുവന്ന അചികിത്സ്യമായ നൈരാശ്യഭാവത്തിൻ്റെ സ്വാഭാവികപരിണാമമായിരുന്നു അദ്ദേഹത്തിൻ്റെ ആത്മഹത്യയെന്നുപോലും പറയാം.