ഇടപ്പള്ളിക്കവികൾ
കൃതികൾ: നവസൗരഭം, ഹൃദയസ്മിതം, തുഷാരഹാരം, മണിനാദം, അവ്യക്തഗീതം എന്നീ സമാഹാരങ്ങളാണു് ഈ കവിയുടെ കൃതികൾ. നിരാശതയുടേയും, നിസ്സഹായതയുടേയും കരളലിയിക്കുന്ന ശബ്ദങ്ങളാണ് ഇവയിൽ എല്ലാറ്റിലും നിന്നു പുറപ്പെടുന്നതു് . മണിനാദത്തിൽ അതു വിശേഷവിധിയായി മുഴങ്ങിക്കേൾക്കുകയും ചെയ്യാം. ഒരുതരം അലസജീവിതമാണ് രാഘവൻപിള്ള നയിച്ചിരുന്നതു് എന്നു പറഞ്ഞാൽ അതു മുഴുവൻ ശരിയല്ല. ഒരുതരം പ്രണയജീവിതമാണു് അദ്ദേഹം എപ്പോഴും സ്വപ്നം കണ്ടുകൊണ്ടിരുന്നതു്. എന്നാൽ താൻ ആശിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാനുള്ള കർമ്മധീരത അദ്ദേഹത്തിനുണ്ടായിരുന്നുമില്ല. ഈ നിലയിൽ താൻ ജീവിത സർവ്വസ്വമായി കണ്ടുകൊണ്ടിരുന്ന സുഖസ്വപ്നം നിത്യമായി മറഞ്ഞതോടെ നിരാശതയുടെ നിഴൽ അദ്ദേഹത്തെ മൂടിമറച്ചുകളഞ്ഞു. ഇനി മരണമേ ശേഷിച്ചിട്ടുള്ളു എന്നു ആ ലോലചിത്തൻ തീരുമാനിക്കുകയും ചെയ്തു. ആ ദുരന്തത്തിനു നീങ്ങുന്നതിനും അല്പം മുൻപു് അതേദിവസം അദ്ദേഹം എഴുതിവെച്ച ആ അന്ത്യശാസനം നോക്കുക:
“പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക ഈ മൂന്നിലുമാണു് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്കു നിരാശയാണു് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം മരണമാണു്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു.”
