പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

അന്ത്യസന്ദേശത്തിലെ ഈ ആശയം മണിനാദത്തിൽ ഇങ്ങനെ മാറ്റൊലിക്കൊള്ളുന്നു:

മണിമുഴക്കം! മരണദിനത്തിൻ്റെ മണിമുഴക്കം മധുരം, വരുന്നു ഞാൻ,
അനുനയിക്കുവാനെത്തുമെൻ കൂട്ടരോടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേയെന്തിലും സഹകരിക്കുന്ന ശാരദാകാശമേ!….
വരികയാണിതാ ഞാനൊരധഃകൃതൻ കരയുവാനായ്പ്പിറന്നോരു കാമുകൻ !

നിരാശതയുടേയും, നിസ്സഹായതയുടേയും കരളലിയിക്കുന്ന ശബ്ദങ്ങളാണു് നാമിവിടെ മുഴങ്ങിക്കേൾക്കുന്നതും; അതിൻ്റെ ഫലമായി വിഷാദാത്മകത്വവും. രാഘവൻപിള്ളയുടെ ഈ നൈരാശ്യം അദ്ദേഹത്തിൻ്റെ കൃതികളിൽ ആരംഭം മുതല്ക്കേ നാം കണ്ടുതുടങ്ങുന്നുണ്ടു്. തുഷാരഹാരത്തിൽ,

തടില്ലതപോലെ തരളമേനിയിൽ
തടംതല്ലി തകർത്തൊലിച്ച നാളുകൾ
മദീയ ജീവിതപ്രഭാതവേളകൾ
മറഞ്ഞുപോയിനി വരില്ലൊരിക്കലും!

ഇങ്ങനെ ‘കാട്ടാറിൻ്റെ കരിച്ചിലിലും’