പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

മരണമേ! മമ സ്വാഗതം! ഭൂവിൽ മേ-
ലമരണമെന്നതാശിപ്പതില്ല ഞാൻ….
നിരവധി നാളുകൊണ്ടു ഞാനാർജ്ജിച്ച
നിരുപമാനന്ദസ്വപ്നം തകർന്നുപോയ്
മമ പ്രണയലതിക തഴയ്ക്കുവാൻ
മരണശാഖിയിൽത്തന്നെ പടരണം.

എന്നിങ്ങനെ, ‘വിസ്മൃതമാകണം’ എന്ന കവിതയിലും, ഇതുപോലെ മറ്റു പലതിലും നൈരാശ്യജന്യമായ മരണാഭിമുഖ്യം പ്രകടമാണ്. അനുഭവങ്ങളും ആദൾങ്ങളും തമ്മിൽ പ്രായേണ കണ്ടുവരാറുള്ള വൈരുദ്ധ്യത്തെ പ്രായോഗിക മനഃസ്ഥിതിയോടെ നേരിടുവാൻ ആദർശ സങ്കല്പങ്ങളിൽ ശിശുസഹജമായ ആത്മാർത്ഥതയോടെ ഉറച്ചുനിന്ന രാഘവൻപിള്ള പരിചയിച്ചിരുന്നില്ല.

തന്നിമിത്തം അദ്ദേഹം എപ്പോഴും വികാരഭരിതനും വിഷാദാത്മകനുമായിത്തീർന്നു. ആ ദൗർബ്ബല്യം കവിയെത്തന്നെ തച്ചുടയ്ക്കുകയും ചെയ്തു. മാനവ സമുദായത്തിൽ പൗരുഷവും ആത്മവീര്യവും ഉത്തേജിപ്പിക്കുവാൻ രാഘവൻപിള്ളയുടെ കവിതകൾ അപര്യാപ്തങ്ങൾതന്നെ; എന്നുവരികിലും കവിയുടെ ഉള്ളറയ്ക്കുള്ളിൽ നിന്നു പുറപ്പെടുന്ന അവയിലെ ആത്മസംഗീതം എത്രയും ആത്മാർത്ഥമായിട്ടുള്ളതാകയാൽ അതു് ആരെയും അനുകമ്പാകുലരാക്കുവാൻ തികച്ചും ശക്തമാണെന്നുള്ളതിൽ രണ്ടുപക്ഷമില്ല. കവിയുടെ ഭാവാവേശം ആസ്വാദകനിൽ സംക്രമിക്കുന്നതിൽനിന്നാണല്ലോ ശരിയായ കാവ്യാനുഭവംതന്നെ ഉണ്ടാകുന്നത്. ഇടപ്പള്ളിക്കവികൾ ആ വിഷയത്തിൽ അജയ്യരായി വിലസുന്നു.