പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

സമുദായത്തിൻ്റെ ഉച്ചനീചമനോഭാവമാണല്ലോ രാഘവൻപിള്ളയുടെ സൗഭാഗ്യജീവിതത്തെ ചുട്ടുകരിച്ചത്. അതിൽ കവിയുടെ ആ ആത്മസുഹൃത്തിൻ്റെ പ്രേമനൈരാശ്യത്തേയും, ദുരന്തത്തേയും പ്രതിഫലിപ്പിച്ചു പ്രകാശിപ്പിക്കുന്ന പ്രസ്തുത കാവ്യത്തിൽ, രമണൻ്റെ ദാമ്പത്യ ജീവിതത്തിനു പ്രതികൂലമായിത്തീർന്ന ആ യുവാവിനെ ദുരന്തത്തിൽ ചാടിക്കുന്ന സാമൂഹ്യമായ ഉച്ചനീചത്വത്തിൻ്റെ നേരെ കവി കടന്നൊരാക്രമണം നടത്താതെ പോകുന്നില്ല.

നാണയത്തുക നോക്കി മാത്രമാ വേണുഗോപാലബാലനെ
തൽപ്രണയവൃന്ദാവനത്തിൽനിന്നാട്ടിയോടിച്ച ലോകമേ,
നിഷ്കൃപത്വം പതിയിരിക്കുന്ന ശുഷ്ക്കവിത്തപ്രതാപമേ
പൊന്നുരുക്കിച്ചമച്ചതല്ലല്ലോ നിന്നുടലപ്പരാപരൻ,
മണ്ണുതാനതും നിർണ്ണയം വെറും മണ്ണിൽത്താനതടിഞ്ഞുപോം.
നിൻ്റെ ധർമ്മവും നിൻ്റെ നീതിയും കണ്ടറിയുവോനാണു ഞാൻ
ഭാഗ്യവാതമടിച്ചുപൊങ്ങിയ നേർത്തു ജീർണ്ണിച്ച പഞ്ഞിയും
തെല്ലുയരുമ്പോൾ ഭാവിക്കാമൊരു ഫുല്ലതാരകംമാതിരി
വന്നടിഞ്ഞീടും പിന്നെയും കാറ്റുനിന്നിടുമ്പോളതൂഴിയിൽ
ഉച്ചത്തിലല്പമെത്തിയാൽ പിന്നെത്തുച്ഛതയായി ചുറ്റിലും
നീയും കൊള്ളാം നിൻനീതിയും കൊള്ളാം നീചചിത്തപ്രതാപമേ.

കവിയുടെ ആത്മാർത്ഥതയിൽ നിന്നുദിക്കുന്ന വികാര തീക്ഷ്ണതയാണു് ഈ കൂരമ്പുകളിൽക്കൂടി പായുന്നതു്.