ഇടപ്പള്ളിക്കവികൾ
രമണനെപ്പോലെ പ്രചാരമേറിയ ഒരു കാവ്യം ആധുനിക മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഇന്നേക്ക് (1972) മുപ്പത്തഞ്ചു വഷങ്ങൾക്കു മുമ്പ് അതിൻ്റെ ആയിരം കോപ്പികൾ അച്ചടിച്ചു. അന്നു് ആ പ്രതികൾ മുഴുവൻ വില്ക്കാൻ കഴിയാതെ അധികം പ്രതികളും ചുരുങ്ങിയ കടലാസുവിലയ്ക്കു തൂക്കി വില്ക്കുകയാണുണ്ടായതെന്നു പറയപ്പെടുന്നു. എന്നാൽ ഇന്നോ? അതിൻ്റെ മുപ്പത്താറാമത്തെ പതിപ്പും ലക്ഷത്തിഒന്നാമത്തെ കോപ്പിയുമാണു്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽനിന്നും അച്ചടിപ്പിച്ച്, ചങ്ങമ്പുഴയുടെ സ്വദേശമായ ഇടപ്പള്ളിയിൽവച്ച് 1972 സെപ്തംബർ 18-ാംതീയതി ഉൽഘാടനം ചെയ്തതു്. എത്ര വമ്പിച്ച പ്രചാരമാണു് പ്രേമഗാനമായ രമണനു് പിന്നീടുണ്ടായതെന്നു നോക്കുക.
പ്രേമഗായകനായുയർന്ന കവി അചിരേണ ചില സാമൂഹ്യ പ്രശ്നങ്ങളിലേക്കും കടന്നു ചെല്ലാതിരിക്കുന്നില്ല. രമണനിൽ അതിൻ്റെ ചില സ്ഫുലിംഗങ്ങൾ നാം കണ്ടുകഴിഞ്ഞല്ലോ. ദീർഘകാലമായി നിലനിന്നുവരുന്ന ചില സാമൂഹ്യനീതികളുടെ നേരെ ജനരോഷം വളർന്നുതുടങ്ങിയിട്ട് ഏറെക്കാലമായിരുന്നു. എന്നാൽ അതിനെ വെളിപ്പെടുത്താനുള്ള ധൈര്യവും കർമ്മകുശലതയും അധികം പേർക്കും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു ഘട്ടത്തിലാണു് ഇടപ്പള്ളിക്കവികളുടെ പുറപ്പാടു്. ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ ധാരാളം കണ്ടും അനുഭവിച്ചും വന്ന ചങ്ങമ്പുഴ ആ ജീവിതാനുഭവങ്ങളുടെ പ്രതികരണങ്ങൾ കലാരൂപമായി പ്രകടീകരിക്കുവാൻ തുടങ്ങി. രമണനുശേഷം പുറപ്പെട്ട ‘രക്തപുഷ്പ’ത്തിലാണ് അത്തരം കൃതികൾ അധികം അടങ്ങിയിട്ടുള്ളതു് അതിലെ വാഴക്കുല’ സുപ്രസിദ്ധമാണല്ലോ. ലോകത്തിൻ്റെ നിർദ്ദയത്വവും നീതികേടും വിളംബരം ചെയ്യുന്ന ഒരു കൃതിയാണതു്. സമുദായത്തിലെ അനീതികളെ ഇത്ര ഹൃദയസ്പർശകമായി തുറന്നുകാണിക്കുന്ന ഒരു വിപ്ലവകവിത മലയാളത്തിൽ വാഴക്കുലയ്ക്കു തുല്യമായി മറ്റൊന്നുണ്ടായിട്ടില്ല. മലയപ്പുലയൻ മാടത്തിൻ്റെ മുറ്റത്തു നട്ടുവളർത്തിയിരുന്ന വാഴക്കുല പാകപ്പെട്ടു തിന്നുവാൻ അയാളുടെ ‘കരുമാടിക്കുട്ടന്മാർ’ ആശിച്ചാശിച്ചു് ദിനങ്ങൾ തള്ളിനീക്കിക്കൊണ്ടിരിക്കുകയാണു്. അപ്പോഴാണ് ഒരു ദിവസം ജന്മി അവിടെ എത്തുന്നത്. അയാൾ ആ കുട്ടികളുടെ മനോരഥത്തെ തകർത്തു്, അവരെ നോക്കിനിറുത്തി കരയിച്ചിട്ട് വാഴക്കുല വെട്ടിച്ചു കൊണ്ടുപോകുകയായി. ആ ജന്മിയുടെ നിർദ്ദയതയും ഹൃദയശൂന്യതയും എത്ര കുടുത്ത വർണ്ണങ്ങൾ ഉപയോഗിച്ചാണു് കവി അവിടെ വിവരിക്കുന്നതെന്നു് ആ ഭാഗം വായിച്ചുതന്നെ അറിയേണ്ടതാണു്. പക്ഷേ, കവിയുടെ വികാരതൈക്ഷ്ണ്യം വർദ്ദിച്ചു വർദ്ധിച്ച് അനിയന്ത്രിതമായിത്തീർന്നു് ‘അഴിമതിയക്രമമത്യന്തരൂക്ഷമാം’ എന്നു തുടങ്ങി,
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ,
പതിതരേ, നിങ്ങൾതൻ പിന്മുറക്കാർ.
