പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലെ ‘ഭാവത്രയം’ തുടങ്ങിയ ചില കവിതകളും ഇത്തരത്തിൽ വിപ്ലവത്തിൻ്റെ തീപ്പൊരി ചിതറുന്നവതന്നെയാണു്. ചങ്ങമ്പുഴക്കവിതയുടെ പ്രചുരപ്രചാരത്തിനു് പ്രധാനഹേതു രചനാരീതിയത്രെ. ആശയപരമായി കവി തനിക്കപ്പോഴപ്പോൾ തോന്നുന്ന ഭാവങ്ങളെയെല്ലാം സ്വീകരിച്ചുകൊണ്ടിരുന്നെങ്കിലും രചനയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമൊന്നും വരുത്തിയില്ല. പ്രേമഭംഗത്താൽ പോഷിപ്പിക്കപ്പെട്ടവയാണു് രമണൻ തുടങ്ങിയ പ്രേമഗാനങ്ങൾ. ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലെ ഒരു കഥ നോക്കുക:

കരുണരസം കരകവിയും – കഥ പറയാം പക്ഷേ,
കരളുരുകിക്കരളുരുകി കരയരുതിന്നാരും

എന്നു തുടങ്ങുന്ന കോമളകാന്തപദങ്ങളും അവയുടെ സമഞ്ജസമായ ആവർത്തനങ്ങളും അനുവാചകരെ ആപാദചൂഡം കോരിത്തരിപ്പിക്കുന്നവയാണ്. അല്ലെങ്കിൽ ഇവയെല്ലാമെന്തിനു്? സ്വരരാഗസുധയിലെ മനസ്വിനി, കാവ്യനർത്തകി, രാക്കിളികൾ തുടങ്ങിയ കവിതകൾ ഈ വസ്തുത എന്നുമെന്നും പ്രഖ്യാപനം ചെയ്യുന്നവതന്നെയാണല്ലോ.