ഇടപ്പള്ളിക്കവികൾ
‘മനസ്വിനി’യിലെ വേദനനിറഞ്ഞ ആ മഞ്ജുളശബ്ദം കുറഞ്ഞൊന്നു ശ്രദ്ധിക്കുക:
പലപല രമണികൾ വന്നൂ വന്നവർ
പണമെന്നോതി നടുങ്ങീ ഞാൻ
പലപല കമനികൾ വന്നൂ വന്നവർ
പദവികൾ വാഴ്ത്തി നടുങ്ങീ ഞാൻ
കിന്നരകന്യകപോലെൻ മുന്നിൽ,
വന്നു വിളങ്ങിയ നീമാത്രം
എന്നോടരുളി എനിക്കവിടുത്തെ-
പ്പൊന്നോടക്കുഴൽ മതിയല്ലോ,
……………………………………………………
വേദന വേദന ലഹരിപിടിക്കും
വേദന ഞാനതിൽ മുഴുകട്ടെ,
മുഴുകട്ടെ മമ ജീവനിൽനിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ!
സംഗീതാത്മകമായ ചില വൃത്തങ്ങൾ ഇങ്ങനെ അവസരോചിതമായി സ്വീകരിച്ചിട്ടുള്ളതു് ചങ്ങമ്പുഴക്കവിതയുടെ മേന്മയ്ക്കും പ്രചാരാധിക്യത്തിനും കാരണമാകാതെയുമിരുന്നില്ല. കേരളീയരുടെ പ്രാചീനമായ പല ദേശീയഗാനരീതികളും ചങ്ങമ്പുഴ പുനരുജ്ജീവിപ്പിച്ചു എന്നുതന്നെ പറയാം. ചെറുശ്ശേരി, വള്ളത്തോൾ എന്നിവരെ കഴിഞ്ഞാൽ ഇത്രയും സുന്ദരവും സുലളിതവും സ്വയമേവാഗതവുമായ കാവ്യശൈലി മലയാളത്തിൽ മറ്റൊരാൾക്കും കൈവന്നിട്ടില്ല.
