ഇടപ്പള്ളിക്കവികൾ
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി,
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി.
അങ്ങനെ തുടർന്നുപോകുന്ന ആ ഗാനധാരകൾ കുടിൽതൊട്ടു കൊട്ടാരംവരെ ഇന്നു സുവിദിതങ്ങളാണല്ലോ.
ജീവിതാദർശം: കലാമൂല്യങ്ങളെ സംബന്ധിച്ചിടത്തോളം ചങ്ങമ്പുഴക്കവിത സമാദരണീയമാണെന്നു് ആരും നിർവ്വിവാദം സമ്മതിക്കും. എന്നാൽ, ഒരു കല ശാശ്വതികമായിത്തീരുന്നത്, ജനതയെ സാംസ്ക്കാരികമായി ഉയർത്തുവാൻ പ്രേരണനല്കുന്ന ജീവിതമൂല്യങ്ങളുടെ സമുചിതമായ മേളനംവഴിക്കാണെന്നുള്ള തത്ത്വം വിസ്മരിച്ചുകൂടാ. ആ മാനദണ്ഡംവച്ചു നോക്കുമ്പോൾ ചങ്ങമ്പുഴക്കവിതയിൽ അങ്ങനെ ഒരു ജീവിതദർശനം നമുക്കനുഭവപ്പെടുന്നില്ല. അധികം രംഗങ്ങളിലും ഒരു നിസ്സഹായൻ്റെയോ, ആവലാതിക്കാരൻ്റെയോ, മനോഭാവമാണു് കവി പ്രദർശിപ്പിക്കാറുള്ളതു്. നിയതമായ ഒരു സ്വഭാവമോ നിശ്ചയദാർഢ്യമോ, സ്വജീവിതത്തിൽ കവിക്കുണ്ടായിരുന്നോ എന്നു സംശയമാണു്. കവിതയിൽ ആ സ്വഭാവം പ്രകടമായിക്കാണാം. ”നിയതമായ ഒരു തത്ത്വസരണിയേയും ഭാവൈക്യത്തേയുംകാൾ, സങ്കീർണതയുടേയും വൈരുദ്ധ്യത്തിൻ്റെയും ലക്ഷണങ്ങളാണ്, ചങ്ങമ്പുഴയുടെ കവിതയിൽ പൊതുവേ കാണുക” എന്നു നല്ലൊരു ചിന്തകനായ പി. കെ. പരമേശ്വരൻനായർ പ്രസ്താവിച്ചിട്ടുള്ളതും നോക്കുക.
