അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

“അണ്ടികളഞ്ഞുള്ളൊരണ്ണാനെപ്പോലെയ-
ങ്ങിണ്ടൽ വളർന്നൊരു ചേദിപനെ”

എത്ര തന്മയത്വത്തോടുകൂടിയാണ് നമ്പ്യാർ പരിഹസിച്ചിരിക്കുന്നതെന്നു ഗ്രഹിക്കുവാൻ ആ ഭാഗം വായിച്ചേ മതിയാവൂ.

“അനർത്ഥകാരിയെങ്കിലും നിരർത്ഥകോപിയെങ്കിലും
സമർത്ഥനല്ലയെങ്കിലും പ്രമത്തനായിതെങ്കിലും
കളത്രജാരികൾക്കഹോ പെരുത്ത ദൈവമായതും
നിജപ്രിയൻ ധരിക്കെടൊ മുകുന്ദരാമ പാഹിമാം”

എന്നുള്ള ഭാഗവത ഭാഗത്തിൻ്റെ ഒരു സംഗ്രഹമാണു്:-

“കല്യാണിമാർക്കു നിജവല്ലഭനേകനല്ലോ
നല്ലോരു ദൈവമതുമെന്തു വിചാരിയാഞ്ഞു? ”

എന്നു ശ്രീകൃഷ്ണചരിതത്തിൽ പ്രയോഗിച്ചിട്ടുള്ളതു്.

“കണ്ടുനിന്നവനങ്ങു മോന്തിയതൊക്കയും”

എന്നുതുടങ്ങിയ ദേശ്യപ്രയോഗങ്ങളും, അതുപോലെ തന്നെയുള്ള മറ്റുപലപ്രയോഗങ്ങളും ഈകൃതി നമ്പ്യാരുടേതല്ലെന്നു പറയുന്നവരെ വെല്ലുവിളിക്കുവാൻ പര്യാപ്തമായിരിക്കുന്നു.