ഇതരകൃതികൾ
“രണംകൊണ്ടുവേണം സ്വരാജ്യസ്യലാഭം’
എന്നു ധർമ്മപുത്രരോട് ഒടുവിൽ ഉപദേശിച്ച കൃഷ്ണൻ, ദുര്യോധനാദികൾക്കു നൽകിയ സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാതിരിക്കുവാൻ മനസ്സുവരുന്നില്ല.
“അംഭസ്സിലുള്ളോരു പോളയ്ക്കു തുല്യം
ഡംഭിച്ചുമേവുന്നു മർത്യൻ്റെവൃത്തം
സമ്പത്തുമാപത്തുമന്നന്നുദിക്കും”
“ജ്ഞാനം മനസ്സിങ്കലില്ലെന്നു വന്നാൽ
ഞാനെന്നഭാവം മുഴത്തിടുമേറ്റം”
“ഞാനെന്നഹങ്കാരമില്ലെന്നുവന്നാൽ
ആനന്ദമല്ലാതെ മറെറാന്നുമില്ല”
“മന്നിൽ പിറന്നുള്ള മർത്യാദികാനാം
അന്യോന്യ ബന്ധുത്വമാവശ്യമല്ലൊ?”
“ലോകാധിപത്യം ഭവിക്കേണമെന്നാൽ
ലോകാനുകൂല്യം വരുത്തീടവേണം.”
ഇങ്ങനെ ശ്രദ്ധാർഹങ്ങളായ അനേകം തത്വങ്ങൾ ഈ കൃതിയുടെ പല ഭാഗങ്ങളിലായി ചിതറിക്കിടപ്പുണ്ടു്. കവിയുടെ ഭാവനയെ അഭിനന്ദിക്കുവാൻ ശ്രീകൃഷ്ണൻ്റെ യാത്രാ വർണ്ണനം, വിശ്വരൂപപ്രദർശനം എന്നി ഭാഗങ്ങൾമാത്രം വായിച്ചാൽ മതിയാകും.
സാഹിത്യത്തിലെന്നപോലെതന്നെ സംഗീതത്തിലും നമ്പ്യാർക്കു സിദ്ധിച്ചിട്ടുള്ള വൈദുഷ്യത്തെ ഈ കൃതി സുദൃഢം
വ്യക്തമാക്കുന്നുണ്ട്. ഏഴാംവൃത്തം ഹൃദയദ്രവീണതകൊണ്ട് അതിമനോഹരമെന്നേ പറയാവൂ. ചുരുക്കത്തിൽ, ശബ്ദാർത്ഥങ്ങളുടെ സാരള്യത്താലും സംഗീതത്തിൻ്റെ മാധുര്യത്താലും വിശിഷ്ടമായ ഭഗവദ്ദൂതു് നമ്പ്യാരുടെ ബാല്യ കൃതികളിൽ സർവ്വഥാ ശ്ലാഘാർഹമായ ഒന്നാണെന്നുമാത്രം പറയാം.
