അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

പഞ്ചതന്ത്രം

സംസ്കൃത ഭാഷയിൽ ഉള്ള പഞ്ചതന്ത്രത്തെ ചുരുക്കി പ്രതിപാദിച്ചിട്ടുള്ളതാണു് ഭാഷയിലെ പഞ്ചതന്ത്രം കിളിപ്പാട്ട്. പ്രസ്തുതകൃതി സംക്ഷേപിച്ചു തർജ്ജമ ചെയ്തതിൻ്റെ ഉദ്ദേശ്യം ഗ്രന്ഥാരംഭത്തിൽ കവി പ്രസ്താവിച്ചിട്ടുണ്ട് :-

“ഗ്രന്ഥവിസ്താരേ ഭയമുള്ള ബാലകന്മാർക്കും
അന്തരംഗത്തിൽ ബോധമില്ലാത്ത ജനങ്ങൾക്കും
ചന്തമോടറിവാനായ് പഞ്ചതന്ത്രാഖ്യനീതി-
ഗ്രന്ഥതാല്പര്യം കിഞ്ചിൽഭാഷയായ് ചൊല്ലീടുന്നേൻ.”

പാടലീപുത്രത്തിൻ്റെ നാഥനായിരുന്ന സുദർശനൻ, തൻ്റെ ‘നന്ദനന്മാർക്കു ചെററും
വിദ്യയില്ലായ്കമൂലം മന്ദഭാഗ്യൻ ഞാനെന്നു ദുഃഖിച്ചു’ വസിക്കുന്ന കാലത്തു, സോമശർമ്മാ വെന്നൊരു ഭൂമിദേവാഗ്രേസരൻ ആ രാജധാനിയിൽ വന്നു ചേർന്നു. രാജനന്ദനന്മാരെ ആറുമാസത്തിനുമുമ്പെ നൃപനീതിധർമ്മങ്ങളെല്ലാം ഒന്നൊഴിയാതെ പഠിപ്പിക്കാമെന്നു അദ്ദേഹം വാഗ്ദാനംചെയ്തു. അങ്ങനെ സോമശർമ്മാവ് സുദശർനസുതന്മാരുടെ അദ്ധ്യാപകനായിത്തീർന്നു. ‘സല്ക്കഥാകഥനമെന്നുള്ളൊരു മാർഗ്ഗത്തൂടെ’ പഞ്ചതന്ത്രങ്ങളെല്ലാം ആ പാർത്ഥിവപുത്രന്മാരെ അദ്ദേഹം പറഞ്ഞുകേൾപ്പിക്കുന്നു. അതാണു് ഇതിലെ പ്രതിപാദ്യവിഷയം. മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, ലബ്ധനാശം, അസംപ്രേക്ഷ്യകാരിത്വം എന്നു് അഞ്ചു തന്ത്രങ്ങളാണു് ഇതിലുള്ളതു്. അവ ഓരോന്നും കഥാകഥനരീതിയിൽ അനേകം കഥകളെക്കൊണ്ടു വിശദീകരിക്കുന്നു. കിളിപ്പാട്ടിലെ നാലും അഞ്ചും തന്ത്രങ്ങളിൽ മൂലകൃതിയിലുള്ള അനേകം കഥകൾ വിട്ടുകളഞ്ഞിട്ടുണ്ടു്. ഗ്രന്ഥവിസ്തരഭയം തന്നെയായിരിക്കാം അതിനുള്ള ഹേതുവെന്നു തോന്നുന്നു.