അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

പഞ്ചതന്ത്രം കിളിപ്പാട്ടു്, കുഞ്ചൻനമ്പ്യാർ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്തു രചിച്ചിട്ടുള്ളതാണന്നു ചിലർക്കഭിപ്രായമുണ്ടു്. അതിലേയ്ക്കു് അവർ പ്രധാനമായി പ്രദർശിപ്പിക്കുന്ന ഒരു തെളിവിതാണു് :- നമ്പ്യാർ തിരുവനന്തപുരത്തു താമസിച്ചിരുന്നകാലത്തു്, ‘അരുതു പൊരുതുകൊൾവാൻ കൊട്ടണത്തോടെനിക്ക്’ എന്നു സങ്കടം പറഞ്ഞതുകൊണ്ടു മഹാരാജാവ് അദ്ദേഹത്തിനു പക്കത്ത് ഊണു നൽകുവാൻ കല്പിച്ചനുവദിച്ചു എന്നൊരു കഥ പറഞ്ഞുവരാറുണ്ടു്.

“തക്കത്തിൽ തൻ്റെ ഭുക്തിമാത്രമേ വേണ്ടുവെങ്കിൽ
പക്കത്തിൽ ചോറും തിന്നു കോയിക്കൽ പാർക്കേണമോ?”

എന്നു പഞ്ചതന്ത്രത്തിൽ കാണുന്ന ഭാഗം പ്രസ്തുത സം​ഗതിയെകൂടി ജ്യോതിപ്പിക്കുന്നതാണെന്നും, അതിനാൽ ഈ കൃതി അവിടെവച്ചു നിർമ്മിച്ചതായിരിക്കണമെന്നുമാണു് അനുമാനം.