ഇതരകൃതികൾ
നമ്പ്യാർ അമ്പലുപ്പുഴനിന്നും തിരുവനന്തപുരത്തത്തിയ കാലത്തു തുള്ളലുകളിൽ വളരെ ഭ്രമത്തോടുകൂടി കഴിഞ്ഞുകൂടുകയായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ ആശ്രിതനായിരുന്നപ്പോൾ പല തുള്ളൽക്കഥകളും അന്നവിടെവച്ചു രചിച്ചിട്ടുമുണ്ടു്. അക്കാലത്താണു പഞ്ചതന്ത്രം ഭാഷയാക്കുവാൻ തുടങ്ങിയതെങ്കിൽ തുള്ളൽപ്രിയനായ നമ്പ്യാർ ആ രീതിയിൽ തന്നെ ഇതെഴുതുവാനാണു് മിക്കവാറും വഴിയുള്ളതു്. കാർത്തികതിരുനാളിൻ്റെ കാലത്തു് ഇങ്ങനെ ഒരു തർജ്ജമയ്ക്കുള്ള അവസരംപോലും കാണുന്നില്ല. തുള്ളൽക്കഥകളിൽപോലും അവിടേയ്ക്കു് അത്ര പ്രതിപത്തിയില്ലാതെയാണല്ലൊ ഇരുന്നതു്. അതിനാൽ അക്കാലത്ത് ഇങ്ങനെയൊരു കൃതി, അതും കിളിപ്പാട്ടു രീതിയിൽ, തർജ്ജമ ചെയ്യുവാൻ ഒരു ന്യായവും കാണുന്നില്ല. എന്നാൽ പ്രസ്തുത കൃതിയിൽ മേലുദ്ധരിച്ച പ്രയോഗം എങ്ങിനെ വന്നു ചേർന്നുവെന്നുള്ളതിനു സമാധാനം പറയേണ്ടതാണല്ലോ. അമ്പലപ്പുഴ രാജധാനിയിൽ താമസിച്ചിരുന്ന കാലത്തുതന്നെ നമ്പ്യാർക്കു പക്കത്തൂണിനെപ്പറ്റിയുള്ള അറിവും അനുഭവവും വന്നു കഴിഞ്ഞിട്ടുണ്ടായിരിക്കണം. ആ അനുഭവത്തെ ആസ്പദമാക്കിയാണ് പക്കത്തെക്കുറിച്ചുള്ള പ്രസ്താവം പ്രസ്തുത കൃതിയിൽ ഉണ്ടായിട്ടുള്ളതെന്നേ വിചാരിക്കേണ്ടതുള്ള, അമ്പലപ്പുഴ വച്ചുതന്നെയാണ് പഞ്ചതന്ത്രം രചിച്ചിട്ടുള്ളതെന്നു കരുതുവാൻ വേറേയും ലക്ഷ്യമുണ്ടു്. ചില കൈയെഴുത്തു കൃതികളുടെ അവസാനത്തിൽ
“പഞ്ചതന്ത്രം നീതിശസ്ത്രം ഭാഷയാസന്നിവേശിതം
രാമേണ പാണിവാദേന ബാലാനാം ബോധഹേതവേ.
ശ്രീമദംബരവാഹിന്യാം ധാമനി സ്‌ഫുടമുല്ലസൻ
ശ്രീവാസുദേവോ, ഭഗവൻ, ശ്രേയസേബോഭവീതുനാ:”
