അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

“കല്പവൃക്ഷത്തെക്കണ്ടു കാംക്ഷിക്കും
കയ്പവല്ലിക്കു കാഞ്ഞിരത്തെ കാംക്ഷയുണ്ടോ?“ (രു. സ്വ.)
“എന്നെപ്പുലർത്തുവാനാളല്ല നീയിപ്പോൾ
നിന്നെപ്പുലത്തുവാൻ ഞാനും പോരാ
വിപ്രസ്ത്രീയാകും നിനക്കങ്ങു ഭക്ഷിപ്പാൻ
ദ്വിപ്രസ്ഥമോദനം പോരാതാനും.” (ശീലാവതി)

എന്നിങ്ങനെ തുള്ളൽക്കഥാകത്താവിൻ്റെ കവനമുദ്രയുടെ അങ്കുരങ്ങൾ ഈ രണ്ടുകൃതികളിലും അവിടവിടെയായി കാ ണുവാൻ കഴിയും. കേരളത്തിലെ തിരുവാതിരപ്പാട്ടുകളിൽ വളരെ പ്രസിദ്ധവും പ്രാചീനവുമായ കൃതികളാണു മേല്പറഞ്ഞവരണ്ടും.

ചെറുശ്ശേരി, എഴുത്തച്‌ഛൻ മുതലായ പ്രാചീന കവിവരന്മാർ വെട്ടിത്തെളിയിച്ച പന്ഥാവിൽകൂടി പ്രയാണം ചെയ്യുന്നതിൽ നമ്പ്യാർ, ആദ്യകാലത്തും ഇടക്കാലത്തും വളരെ ഉത്സുകനായിരുന്നു. മേൽപ്പറഞ്ഞ കൃതികൾക്കുശേഷം ഭഗവദ്ദൂതു് പതിന്നാലുവൃത്തം, ഭാഗവതം ഇരുപത്തിനാലുവൃത്തം, നളചരിതം കിളിപ്പാട്ട്, പാർവ്വതീസ്വയംവരം പാന, വിഷ്ണുഗീത ഹംസപ്പാട്ടു്, പഞ്ചതന്ത്രം കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം, ശിവപുരാണം കിളിപ്പാട്ട് എന്നുതുടങ്ങി അനേകം കൃതികൾ ഇങ്ങനെ വിനിർമ്മിതങ്ങളായവയാണു്.