ഇതരകൃതികൾ
നമ്പ്യാരുടെ സഹജമായ ഫലിതവും മനോധർമ്മവും ഈ കൃതിയിൽ സാമാന്യമായി തെളിഞ്ഞുകാണുന്നുണ്ടു്. തൃതീയതന്ത്രത്തിലെ ഒരു കഥയിൽ എവിടെയൊ അങ്ങാ ടിയിൽനിന്നു് ആടിനെ വാങ്ങിക്കൊണ്ടു പോകുന്ന വിപ്രനെ ചെണ്ടകൊട്ടിക്കുവാൻ പുറപ്പെടുന്നതു കേരളീയരാണു പോലും, നോക്കുക, നമ്പ്യാരുടെ പരിഹാസബുദ്ധി തർജ്ജമ യിൽകൂടി എത്ര സ്‌ഫുടമായി പ്രകാശിപ്പിച്ചിരിക്കുന്നു! അഞ്ചാമത്തെ തന്ത്രത്തിൽ മനോരാജ്യം അധികമായാലുണ്ടാകുന്ന അനർത്ഥത്തെ വിവരിക്കുന്നിടത്തു നമ്പ്യാരുടെടെ മനോധർമ്മം വേണ്ടുവോളം വ്യക്തമാണു്. ഇതുപോലെ പ്രസ്താവയോഗ്യങ്ങളായ ഭാഗങ്ങൾ ഈ കൃതിയിൽ വേറെയും അനേകമുണ്ടു്.
രാജസേവയെപ്പറ്റി പ്രസ്താവിക്കുന്ന ഒരു ഭാഗം രാജധാനിയിൽ നമ്പ്യാർക്കുണ്ടായിരുന്ന പരിചയത്തേയോ, അനുഭവത്തേയോ ദ്യോതിപ്പിക്കുന്നതായി കരുതാവുന്നതാണ്.
“ആനയ്ക്കു മദപ്പാടങ്ങുള്ളോരു നേരം ചെന്നാൽ
ആനക്കാരനെപ്പോലുമായവൻ കുത്തിക്കൊല്ലും;
ഏവനെന്നാലും പിന്നെ സന്നിധൌ സഭാകാലം
സേവിച്ചുനില്ക്കുന്നോരിൽ സ്വാമിക്കു കൃപയുണ്ടാം;
വംശശുദ്ധിയുമില്ല ബുദ്ധിയുമില്ല കണ്ടാൽ
വർക്കത്തു തെല്ലുമില്ല വിദ്യയുമൊന്നുമില്ല
അക്കണക്കുള്ള പൂമാനെങ്കിലും തിരുമുമ്പിൽ
തക്കവും നോക്കി മൂക്കിൽ വിരലും തള്ളിനിന്നാൽ
മന്നവന്മാർക്ക്പാരം പക്ഷമായ്വരും ക്രമാൽ
അന്യസേവകന്മാരിലഗ്രഗണ്യനാമവൻ
ഇന്ദ്രനോടൊക്കും ഭവാൻ ചന്ദ്രനോടൊക്കുംസ്വാമി
എന്നെല്ലാം സ്തുതിച്ചുകൊണ്ടെപ്പൊഴും പിരിയാതെ
സന്നിധൌപാർക്കുന്നവൻ പാർത്ഥിവന്നഭിമതൻ.”
