അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

“ഭക്തിയില്ലാതുള്ളോൻ്റെ ശക്തികൊണ്ടെന്തു ഫലം
ശക്തിയില്ലാതവൻ്റെ ഭക്തികൊണ്ടെന്തുഫലം?”

“ഭുക്തിമാത്രമേയല്ല മാനികൾക്കഭിപ്രായം
ശക്തികാട്ടേണമെന്നേ ഏവർക്കുംതൃപ്തിയുള്ളു.”

“തന്നുടെ വിദ്യകൊണ്ടും തന്നുടെ ശൗര്യംകൊണ്ടും
തന്നുദരത്തെ പൂരിപ്പിക്കുന്നവൻ മഹാധന്യൻ
ശ്വാവിനെപ്പോലെ കിഴിഞ്ഞാശ്രയിച്ചുണ്ണുന്നവൻ
കേവലം കൃമിപ്രായനെന്നതേ ചൊൽവാനുള്ളു.”

“യാതൊരു പുമാനിഹ ജീവിച്ചുവസിക്കുമ്പോൾ
ആതുരന്മാരാം ബഹുജന്തുക്കൾ ജീവിക്കുന്നു.

അപ്പുമാനത്രേ ഭൂമൌ കേവലംജീവിക്കുന്നു.
സൽപുമാനവൻതന്നെ സാധുതാനവൻതന്നെ.”

“ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണ്ണയം”.
“പ്രാണിഹിംസനത്തോളമധർമ്മം മറെറാന്നില്ല
പ്രാണരക്ഷണത്തോളം ധർമ്മവും മറെറാന്നില്ല.”
“തന്നെപ്പോൽ മറ്റുള്ളോരെക്കൂടവേ കാണുന്നവൻ
ധന്യപൂരുഷനെന്നു ചൊല്ലുന്നു മഹത്തുകൾ.”

“അമ്പുകൊണ്ടുള്ളവൃണം കാലത്താൽ നികന്നീടും
കൊമ്പുകൾ കണ്ടിച്ചാലും പാദപം കിളുത്തിടും
കേട്ടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാൽ
കർണ്ണങ്ങൾക്കകംപുക്കു പുണ്ണായാലതു പിന്നെ
പൂർണ്ണമായ് ശമിക്കയില്ലൊട്ടുനാൾ ചെന്നാൽ പോലും.”

ഇങ്ങനെ ഹൃദിസ്ഥങ്ങളാക്കിയിരിക്കേണ്ട പല ഭാഗങ്ങളും ഈ കൃതിയിലുണ്ടു്. ബാലകർ മാത്രമല്ല, പ്രൗഢജനങ്ങളും വായിച്ചു ഗ്രഹിക്കേണ്ട ഒരു ഉത്തമകൃതിയാണു് പഞ്ചതന്ത്രം.