ഇതരകൃതികൾ
ശ്രീകൃഷ്ണചരിതം മണിപ്രവാളം
ശ്രീകൃഷ്ണചരിതത്തിൻ്റെ ഉല്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം, രണ്ടാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. മലയാളം ലവലേശം അറിഞ്ഞുകൂടാത്ത ഒരു പാരദേശനെ വാദത്തിൽ തോല്പിക്കുവാനായി മണിപ്രവാളകാവ്യം ചമച്ചു എന്നു പറയുന്ന ഐതിഹ്യഭാഗം തീരെ അടിസ്ഥാനരഹിതമത്രെ. എന്നാൽ ഇത്തരം ഒരു കൃതി ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്പ്യാർക്കു രചിക്കുവാൻ കഴിയുമെന്നു കരുതുന്നതിൽ യാതൊരുവിധ അപാകമുണ്ടെന്നു തോന്നുന്നില്ല. ആറുമണിക്കൂർകൊണ്ടു പന്ത്രണ്ടു സർഗ്ഗങ്ങളുള്ള ഒരു കാവ്യം ചമയ്ക്കുക എന്നതു പക്ഷെ അത്ഭുതജനകമായി തോന്നുമായിരിക്കാം. എന്നാൽ അതു് തീരെ അസംഭാവ്യമല്ല. സരസദ്രുതകവികിരീടമണിയും, കാളീകടാക്ഷഭ്രമരക്ക ളിപ്പൂങ്കാവുമായിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഇതിലും വിസ്മയജനകമായ പലതും അടുത്തകാലത്തു് പ്രവർത്തിച്ചിട്ടുള്ളത് ഇന്നുള്ള പലർക്കും അജ്ഞാതമല്ലല്ലോ. ആ തിരുമേനി കോട്ടയത്തെ കവിസമാജത്തിൽവച്ചു ഗംഗാവതരണം നാടകം ഏതാനും മണിക്കൂറുകൾകൊണ്ടാണു് എഴുതിത്തീർത്തത്. പത്തംഗങ്ങളുള്ള ‘നളചരിതം നാടകം’ ഒററ ഇരിപ്പിൽ പത്തു മണിക്കൂർകൊണ്ടു് അദ്ദേഹം തന്നെ നിർമ്മിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടു്. ‘തനിച്ചു മൂവാണ്ടിടകൊണ്ടു സാക്ഷാൽ ശ്രീഭാരതം തർജ്ജമചെയ്തി’ട്ടുള്ളതും ആ അസാധാരണ വ്യവസായസമ്പന്നനെത്രേ. കവിസാർവഭൗമൻ കൊച്ചുണ്ണിത്തമ്പുരാൻ തുടങ്ങിയവരും അതുപോലെതന്നെ അത്ഭുതകരമായ വിധത്തിൽ പല കൃതികളും നിർമ്മിച്ചിട്ടുള്ള കഥ സുവിദിതമാണല്ലൊ. ആ സ്ഥിതിക്ക് ഒരനുഗ്രഹീത കവിപുംഗവനായിരുന്ന നമ്പ്യാർക്കു ആറു മണിക്കൂർകൊണ്ടു പന്ത്രണ്ടു സർഗ്ഗങ്ങളുള്ള ഒരു കാവ്യം രചിക്കുവാൻ സാധിക്കുമെന്നു നിർണ്ണയിക്കുന്നതിൽ യാതൊരുവിധ യുക്തിഭംഗവും ഇല്ലതന്നെ. പക്ഷെ, പ്രസ്തുത കൃതി ഒറ്റ ഇരിപ്പിൽ തീർന്ന ഒരു കാവ്യമാണെന്നു തീരുമാനിക്കുവാൻ അതിലെ ഒന്നാം സർഗ്ഗത്തിലുംമററു സർഗ്ഗങ്ങളിലും കാണുന്ന ഭാഷാരീതിയുടെ അന് രം അല്പം പ്രതിബന്ധമായി തോന്നുന്നുണ്ടെന്നുള്ള വാസ്തവവും ഇവിടെ വക്തവ്യമായിരിക്കുന്നു.
