ഇതരകൃതികൾ
ശ്രീകൃഷ്ണചരിതം സംസ്കൃത പ്രസ്ഥാനത്തിലുള്ള ഒന്നാമത്തെ ഒരു മണിപ്രവാള മഹാകാവ്യമത്രേ.
“പൂങ്കാവാഴി വിവാഹമദ്രിനഗരം
ദൌത്യം കുമാരോദയം
ശൃംഗാരം മൃഗയാവിനോദനമൃതു-
ക്കൂട്ടം ജലക്രീഡനം,
ചന്ദ്രാർക്കോദയമാഹവം നിശയുഷ-
സ്സാമന്ത്രണം നായകോ-
ല്ക്കർഷം തൊട്ടമനോജ്ഞ വസ്തുനിവഹം
വർണ്ണിക്കിൽ വൻകാവ്യമാം.”
എന്നുള്ള മഹാകാവ്യ ലക്ഷണമനുസരിച്ചു നോക്കുന്നതായാൽ ശ്രീകൃഷ്ണചരിതത്തിനുമുമ്പുള്ള കൃഷ്ണഗാഥയും കിളിപ്പാട്ടുകളും പ്രസ്തുത പ്രസ്ഥാനത്തിൽ ഉൾപ്പെടേണ്ടതാണു്. എന്നാൽ അവയെ ഭാഷയിലെ മഹാകാവ്യങ്ങളായിട്ടല്ല നാമിന്നു എണ്ണാറുള്ളത്. അതിനുള്ള പ്രധാനകാരണം, അവ സംസ്കൃതഛന്ദസ്സിൽ വിരചിതങ്ങളല്ലെന്നുള്ളതുതന്നെ. ദ്രാവിഡവൃത്തങ്ങളിൽ നിർമ്മിതങ്ങളായ അത്തരം കാവ്യങ്ങളെ ‘പാട്ടുകൾ’ എന്നൊരിനത്തിലാണു സാഹിത്യശാസ്ത്രകാരന്മാർ ഉൾപ്പെടുത്തിക്കാണുന്നതു്. ശ്രീകൃഷ്ണ ചരിതം സംസ്കൃതഛന്ദസ്സിൽ വിരചിതമായ ഒരു കാവ്യമാണെന്നുള്ളതു് സ്പഷ്ടമാണല്ലോ. മഹാകാവ്യത്തിനു വേണ്ടതായ പല ലക്ഷണങ്ങളും അതിൽ തെളിഞ്ഞുകാണുന്നുണ്ടു്. കാവ്യമുഖം അഥവാ കാവ്യാരംഭം ആശിസ്സോ, നമസ്ക്രിയയൊ, വസ്തുനിർദ്ദേശമോ ആയിരിക്കണമെന്നാണു് വിധി.
