അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

“ഗണപതി ഭഗവാനുമബ്ജയോനി-
പ്രണയിനിയാകിയ ദേവിയാണിതാനും
ഗുണനിധി ഗുരുനാഥനും സദാമേ
തുണയരുളിടുക കാവ്യബന്ധനാർത്ഥം”

എന്നു നമസ്ക്രിയാരൂപത്തിൽ ഇവിടെ കാവ്യം ആരംഭിക്കുന്നു. ഇതിവൃത്തം പ്രസിദ്ധവും നായകൻ ചതുരോദാത്തനുമായിരിക്കണമെന്നു നിശ്ചയമുണ്ടു്. ഭാഗവതം കഥയും, ശ്രീകൃഷ്ണൻ നായകനുമായിട്ടുള്ള പ്രസ്തുത കൃതിയിൽ ആ ലക്ഷണങ്ങളുടെ പൂർത്തീകരണം ഉണ്ടെന്നുള്ളതിനു സംശയമില്ലല്ലൊ.

“ലോകൈകനാഥൻ്റെ ശുഭാവതാരേ
ലോകങ്ങളെല്ലാമുടനേ തെളിഞ്ഞു;
മാകന്ദമന്ദാര സുഗന്ധവാഹി
മാഴ്കാതവണ്ണം വിലസീ സമീരൻ.”