അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

ശ്രീകൃഷ്ണചരിതം നമ്പ്യാരുടെ കൃതിതന്നെയോ എന്നു് അടുത്തകാലത്തു ചിലർക്കു സംശയം ജനിച്ചുകാണുന്നുണ്ടു്. വ്യാകരണ വിരുദ്ധങ്ങളായ പല പ്രയോഗങ്ങൾ അതിൽ കാണുന്നുണ്ടെന്നുള്ളതും, നമ്പ്യാരുടെ സഹജമായ വാഗ്വിലാസം അതിൽ കുറവാണെന്നുള്ളതുമാണു് ഇങ്ങനെ ഒരു സന്ദേഹത്തിനു ചിലരെ പ്രേരിപ്പിക്കുന്നതെന്നു തോന്നുന്നു.

“കാമപാല പശുപാലസമേതൻ
താമസേനരഹിതംപുരിപുക്കാൻ.”

” അഷ്ടമിരോഹിണീഭ്യാംസംഗേ”
അച്ഛൻ മഹാവൃദ്ധനവർക്കുവേണ്ടി-
കാച്യങ്ങുവെച്ചേനിരുനാഴി ദുഗ്ദ്ധം”

എന്നു തുടങ്ങിയ പ്രയോഗങ്ങളിൽ നമ്പ്യാർക്കു ചില തെററുകൾ പറ്റിയിട്ടുണ്ടെന്നു സമ്മതിക്കാതെ തരമില്ല. എന്നാൽ നമ്പ്യാരുടെ നിരങ്കുശത്വം ആലോചിച്ചാൽ ഇവയ്ക്കൊക്കെ സമാധാനം സിദ്ധിക്കുന്നതുമാണു്. “ധാവതിചെയ്തു” എന്നിങ്ങനെയുള്ള പല പ്രയോഗങ്ങൾ തുള്ളലുകളിൽതന്നെ ഉള്ളതാണല്ലൊ. ‘പൂശകനാം നീ പൂശകനിനിമേൽ’ എന്നു പൂച്ചയെ പിടിച്ചു പൂശകനാക്കിത്തീർക്കുന്ന കവിയുണ്ടോ മറ്റുള്ളവർ കാട്ടിക്കൊടുക്കുന്ന മാർ​ഗ്​ഗത്തിൽ കൂടി സഞ്ചരിക്കുവാൻ പോകുന്നു? മലയാളകൃതികളെല്ലാംതന്നെ ജനസാമാന്യത്തിൻ്റെ പ്രയോജനത്തിനാണു അദ്ദേഹം ചമയ്ക്കുന്നതു്. അതിൽ വ്യാകരണനിയമങ്ങളൊന്നും അത്ര നോക്കാറില്ല. ‘വായിൽ വന്നതു് കോതയ്ക്കു പാട്ട് ‘ എന്നാണു് ആ വിഷയത്തിലുള്ള അദ്ദേഹത്തിൻ്റെ പ്രമാണം. അതുകൊണ്ടു വന്നിട്ടുള്ള വല്ല പ്രമാദങ്ങളുമായിരിക്കാം മേല്പറഞ്ഞവയെന്നേ വിചാരിക്കേണ്ടതുള്ളു. നമ്പ്യാരുടെ സഹജമായ വാഗ്വിലാസം ശ്രീകൃഷ്ണചരിതത്തിൽ സുലഭമല്ലെങ്കിലും വളരെ കുറവാണെന്നു പറയുവാൻ പാടില്ല.