ഇതരകൃതികൾ
ശിവപുരാണം
ഇതു് എഴുത്തച്ഛൻ്റേതായി ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളത് ശരിയാണെന്നു തോന്നുന്നില്ല.
നമ്പ്യാരുടെ കവനമുദ്രകൾ പലതും ശിവപുരാണത്തിൽ സ്ഫുടമായി തെളിഞ്ഞു കാണുന്നുണ്ടു്. തുള്ളലുകളിലേയും ശിവപുരാണത്തിലേയും പല ഭാഗങ്ങളും പരസ്പരം ഒന്നായിത്തന്നെയിരിക്കുന്നു. ഹരിണീസ്വയംവരം, പുളിന്ദീമോക്ഷം എന്നീ തുള്ളലുകൾക്കു ശിവപുരാണത്തോടുള്ള സാദൃശ്യം അത്ഭുതാവഹംതന്നെ.
“ജ്യോതിഷക്കാരനും മന്ത്രവാദിക്കുമ-
ച്ചാതുര്യമേറുന്ന വൈദ്യനും …
ഏതും മടിക്കാതെ വേണ്ടതു നൽകുവാൻ
ഭൂതലസ്വാമികൾക്കില്ലൊരു സംശയം.
മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു
കൊററുമാത്രം പോലുമെങ്ങും കഴിവരാ.”
എന്നു ശിവപുരാണം സോമവാരവ്രതത്തിൽ കാണുന്നതു ഹരിണീസ്വയംവരം തുള്ളലിൽ, അങ്ങനെതന്നെ പകർത്തി ക്കാണുന്നു. ഭൂതലസ്വാമികളെ തുള്ളലിൽ ഭൂതലവാസികളാക്കി രൂപാന്തരപ്പെടുത്തിയിട്ടുണ്ടെന്നുമാത്രം വിശേഷമുണ്ടു്.
