അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

“വിടന്മാരും ഭടന്മാരും ജഡന്മാരും ശഠന്മാരും
നടന്മാരും ദ്വിജന്മാരും ഭുജോരുപാദജന്മാരും

എന്നിങ്ങനെ ശംബരമാഹാത്മ്യത്തിലും മററും കാണുന്ന ഭാഗങ്ങൾക്കു തുള്ളലുകളുമായി എത്രമാത്രം സാജാത്യം ഉണ്ടെന്നു വിശേഷിച്ചു പറയേണ്ടതായിട്ടില്ല. വൃത്തനിബന്ധനാവിഷയത്തിൽ ശിവപുരാണവും തുള്ളലുകളുമായി അടുത്ത ബന്ധവും കാണുന്നുണ്ട്.

“കണ്ടതും കേട്ടതും കട്ടുകൊണ്ടെന്നു താ-
നുണ്ടാക്കിയോരു പ്രബന്ധമെന്നിങ്ങനെ
കണ്ടദിക്കിൽ ചെന്നുചേരുന്ന ദുഷ്ക്കവി-
കണ്ടകന്മാരെ സമക്ഷത്തൊരേടത്തു
കണ്ടുപോയെന്നാൽ കുളിച്ചു പുണ്യാഹാദി-
കൊണ്ടു തന്നംഗം വിശുദ്ധമാക്കിടണം“

എന്നു നിർദ്ദയമായി അപഹരണപ്രിയന്മാരെ അധിക്ഷേപിക്കുന്ന നമ്പ്യാർതന്നെ എഴുത്തച്‌ഛൻ്റെ കൃതികളിൽ നിന്നു് ഇത്രത്തോളം ചോരണംചെയ്തു എന്നു വരുന്നതല്ലല്ലൊ. അത്രതന്നെയുമല്ല, എഴുത്തച്ഛൻ ഒരേടത്തും മാനവസ്തുതി ചെയ്തിട്ടുള്ളതായി അറിയുന്നുമില്ല. പ്രസ്തുത കൃതിയിലാകട്ടെ-